വില്ലനായി റേഷൻ കടയിലെ ഗോതമ്പ്; മഹാരാഷ്ട്രയിൽ ഒരാഴ്ച കൊണ്ട് തലയിലെ മുടി മുഴുവൻ പോയത് 279 പേർക്ക്

മുംബൈ: മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിലുള്ള ബൊർഗാവ്, കൽവാദ്, ഹിൻഗ്ന എന്നീ ഗ്രാമങ്ങളിൽ നിരവധിപ്പേർക്ക് വലിയ രീതിയിൽ മുടി കൊഴിച്ചിലിന് കാരണമായത് റേഷൻ കടയിൽ നിന്ന് വിതരണം ചെയ്ത ഗോതമ്പെന്ന് റിപ്പോർട്ട്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ച ഗോതമ്പിലുള്ള സെലീനിയത്തിന്റെ ഉയർന്ന തോതിലുള്ള സാന്നിധ്യമാണ് വലിയ രീതിയിൽ മുടിപൊഴിച്ചിലിന് കാരണമായതെന്നാണ് പരിശോധനകൾക്ക് ശേഷം വ്യക്തമായത്. നിരവധി സാംപിളുകൾ വിവിധ ഇടങ്ങളിൽ നിന്ന് ശേഖരിച്ച് നടത്തിയ പരിശോധനയ്ക്ക് ഒടുവിലാണ് കണ്ടെത്തൽ. 

Advertisements

റായ്ഗഡിലെ ബവാസ്കർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിന്‍റെ എം.ഡിയും പദ്മശ്രീ ജേതാവുമായ ഡോ. ഹിമ്മത് റാവു ബവാസ്കറാണ് ഇത് സംബന്ധിച്ച വിവരം ദേശീയ മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.  തലവേദന, പനി, തല ചൊറിച്ചിൽ, ഛർദ്ദിൽ, വയറിളക്കം അടക്കമുള്ള ലക്ഷണത്തോടെയായിരുന്നു ഗ്രാമവാസികളിൽ ഏറിയ പങ്കിനും മുടി കൊഴിച്ചിൽ ആരംഭിച്ചത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രാദേശികമായ വളർത്തുന്ന ഗോതമ്പിനേക്കാൾ 600 തവണയോളം അധികമാണ് റേഷൻ കടയിലൂടെ വിതരണം ചെയ്ത ഗോതമ്പിലെ സെലീനിയത്തിന്റെ സാന്നിധ്യമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. രക്തം, മൂത്രം, മുടി സാംപിൾ പരിശോധനയിലും സെലീനിയത്തിന്റെ ഉയർന്ന സാന്നിധ്യം സ്ഥിരീകരിക്കാനായിട്ടുണ്ടെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. 

ബാധിക്കപ്പെട്ട ആളുകളിൽ സിങ്കിന്റെ അളവ് വളരെ കുറവാണെന്നും പഠനത്തിൽ വ്യക്തമായി. ഉപാപചയ പ്രവർത്തനങ്ങളിൽ നിർണായകമായ ധാതുവാണ് സെലീനിയം. തൈറോയിഡിന്റെ പ്രവർത്തനം, രോഗ പ്രതിരോധ ശേഷിയിലടക്കം സെലീനിയത്തിന്  പങ്കുണ്ട്. എന്നാൽ സെലീനിയം ശരീരത്തിൽ അധികമായാൽ പ്രത്യാഘാതങ്ങളുണ്ടാവുമെന്നും വിദഗ്ധർ വിശദമാക്കുന്നത്.  

സെലീനിയത്തിന്റെ ഉയർന്ന സാന്നിധ്യം തലചുറ്റൽ, ഛർദ്ദിൽ, വയറിളക്കം, വയറുവേദന അടക്കമുള്ളവയ്ക്ക് കാരണമാവുന്നുണ്ട്. വലിയ അളവിൽ സെലീനിയം ശരീരത്തിലെത്തുന്നത് നഖം പൊട്ടാനും, മുടി കൊഴിയാനും, നഖങ്ങളിൽ വെള്ള പാണ്ടുകൾ രൂപപ്പെടാനും കാരണമാണ്. 

2024 ഡിസംബർ മുതൽ 2025 ജനുവരി വരെ ബുല്‍ധാനയിലെ 18 ഗ്രാമങ്ങളിൽ നിന്ന് ആണ്‍പെണ്‍ വ്യത്യാസമില്ലാതെ 279 പേർക്കാണ് അസാധാരണമായ രീതിയിൽ മുടി പൊഴിച്ചിൽ അനുഭവപ്പെട്ടത്. തലമുടി വേരോടെ ഊര്‍ന്നുപോകുന്ന അവസ്ഥ. മുടി കൊഴിച്ചില്‍ ആരംഭിച്ചുകഴിഞ്ഞ് മൂന്നുനാലു ദിവസങ്ങള്‍ക്കുള്ളില്‍ തല കഷണ്ടിയാകുന്ന അവസ്ഥയായിരുന്നു പലരിലും നേരിട്ടത്. കഴിച്ച ഗോതമ്പാണ് വില്ലനെന്ന് തിരിച്ചറിഞ്ഞതോടെ ജനങ്ങളും പരിഭ്രാന്തിയിലാണ്. 

മുടികൊഴിച്ചിൽ തുടങ്ങിയാൽ ഒരാഴ്ച കൊണ്ട് തലയിൽ ഒരു മുടി പോലും ഇല്ലാതെ എല്ലാം കൊഴിഞ്ഞു പോകുന്നു. വെറുതെയൊന്ന് തൊടുമ്പോഴും, ബലം പ്രയോഗിക്കാതെ വലിക്കുമ്പോഴും മുടി ഒന്നാകെ കൊഴിഞ്ഞുവീഴുന്നത് മാധ്യമങ്ങളുടെ ക്യാമറയ്ക്ക് മുന്നിൽ നിരവധിപ്പേർ കാണിച്ചുകൊടുത്തിരുന്നു. തലയിൽ ചില ഭാഗങ്ങളിൽ മാത്രം മുടി പൂർണമായി കൊഴി‌ഞ്ഞു പോയവരുമുണ്ട്. ഭയന്നു പോയ ഗ്രാമവാസികളിൽ നിരവധിപ്പേർ ചികിത്സ തേടിയതോടെയാണ് സംഭവം ജില്ലാ ആരോഗ്യ വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. 

Hot Topics

Related Articles