വാഷിംഗ്ടൺ: അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ചുമത്തുന്ന നികുതി കടുത്തതാണെന്ന് സൂചിപ്പിച്ച് വൈറ്റ് ഹൗസ്. അമേരിക്കൻ മദ്യത്തിനും ഉൽപ്പന്നങ്ങൾക്കും 150 ശതമാനം തീരുവയാണ് ഇന്ത്യ ചുമത്തുന്നതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പരാമർശിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ പരസ്പര തീരുവകളെ ന്യായീകരിച്ച് സംസാരിക്കുകയായിരുന്നു അവർ.
ഇന്ത്യയിൽ നിന്നുള്ള കാർഷിക ഉൽപ്പന്നങ്ങൾക്ക് 100 ശതമാനം തീരുവ ചുമത്തണമെന്നും ലീവിറ്റ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അമേരിക്കൻ മദ്യത്തിനും കാർഷിക ഉൽപ്പന്നങ്ങൾക്കും ഇന്ത്യ ചുമത്തിയ തീരുവ അന്യായമാണ്. കാനഡയെ മാത്രമല്ല, മുഴുവൻ തീരുവ നിരക്കിനെയും കാണിക്കുന്ന ചാർട്ട് എന്റെ കൈവശമുണ്ട്. അമേരിക്കൻ ചീസിനും വെണ്ണയ്ക്കും ഏകദേശം 300 ശതമാനം നികുതിയാണ് കാനഡ ചുമത്തുന്നത്. ഇന്ത്യയിലേക്ക് നോക്കൂ, അമേരിക്കൻ മദ്യത്തിന് 150 ശതമാനം താരിഫ് ഏർപ്പെടുത്തി. കെന്റക്കി ബർബൺ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാൻ ഇത് സഹായിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? എനിക്ക് അങ്ങനെ തോന്നുന്നില്ലെന്നും അവർ പറഞ്ഞു.
ചൊവ്വാഴ്ച നടന്ന പത്രസമ്മേളനത്തിലാണ് കരോലിൻ ലീവിറ്റ് ഇക്കാര്യം പറഞ്ഞത്. പരസ്പര സഹകരണത്തിൽ വിശ്വസിക്കുന്ന പ്രസിഡന്റ് ട്രംപ് ന്യായവും സന്തുലിതവുമായ വ്യാപാര രീതികൾ ആഗ്രഹിക്കുന്നുവെന്നും അവർ പറഞ്ഞു. അതിശക്തമായ താരിഫ് നിരക്കുകൾ ഉപയോഗിച്ച് കാനഡ പതിറ്റാണ്ടുകളായി യുഎസിനെ കൊള്ളയടിക്കുകയാണെന്നും പ്രസ് സെക്രട്ടറി ആരോപിച്ചു. ജപ്പാൻ അമേരിക്കൻ അരിക്ക് 700 ശതമാനം തീരുവ ചുമത്തുന്നുവെന്നും ലീവിറ്റ് ആരോപിച്ചു.