പാലക്കാട്: വാളയാറിൽ കാട്ടാന ആക്രമണത്തിൽ കർഷകന് പരുക്ക്. വാളയാർ സ്വദേശി വിജയനാണ് പരുക്കേറ്റത്. ഇന്ന് പുലർച്ചെയാണ് സംഭവം. കൃഷിസ്ഥലത്ത് ഇറങ്ങിയ കാട്ടാനയെ തുരത്താനായാണ് വിജയൻ ഇവിടെയെത്തിയത്. എന്നാൽ ഈ ശ്രമത്തിനിടെ വിജയനെ കണ്ട കാട്ടാന ഇദ്ദേഹത്തെ തിരിച്ചോടിച്ചു. ആനയുടെ ആക്രമണത്തിന് പിന്നാലെ വിജയനെ നാട്ടുകാർ ചേർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയി.
വാളയാർ വാദ്യാർചള്ള മേഖലയിൽ വച്ചായിരുന്നു സംഭവം. കാട്ടാന ഇറങ്ങിയതറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. ഇവർ ആനയെ തുരത്തുന്നതിനിടയിൽ വിജയൻ കാട്ടാനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു എന്നാണ് വിവരം. വിജയൻറെ കാലിനും ഇടുപ്പിനുമാണ് ആനയുടെ ചവിട്ടേറ്റത്. തൃശ്ശൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഇദ്ദേഹം.