ദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയിലെ ജനജീവിതം ദുസ്സഹമാക്കി അതിശൈത്യം. കനത്ത മൂടൽ മഞ്ഞ് കാരണം കഴിഞ്ഞ ദിവസം ദില്ലിയിൽ 9 മണിക്കൂറോളം സമയമാണ് കാഴ്ച പരിധി പൂജ്യമായി തുടർന്നത്. ഈ സീസണിൽ ദൃശ്യപരത പൂജ്യമായി തുടരുന്ന ഏറ്റവും ദൈർഘ്യമേറിയ സമയമാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
വൈകുന്നേരം 6 മണിയ്ക്കും പുലർച്ചെ 3 മണിക്കും ഇടയിലുള്ള ഒമ്പത് മണിക്കൂർ സീറോ വിസിബിലിറ്റി നിലനിൽക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദില്ലിയിലെ പ്രാഥമിക കാലാവസ്ഥാ കേന്ദ്രമായ സഫ്ദർജംഗിൽ എട്ട് മണിക്കൂർ സീറോ വിസിബിലിറ്റി രേഖപ്പെടുത്തി. ശനിയാഴ്ച ഉണ്ടായ കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് 81 ട്രെയിനുകൾ വൈകിയപ്പോൾ 15 വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. 59 ട്രെയിനുകൾ 6 മണിക്കൂറും 22 ട്രെയിനുകൾ 8 മണിക്കൂറും വൈകി ഓടുന്നതായി നോർത്തേൺ റെയിൽവേ അറിയിച്ചിരുന്നു.
അതേസമയം, ഞായറാഴ്ച ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാവിലെ തെക്ക് കിഴക്ക് നിന്നുള്ള ഉപരിതല കാറ്റ് മണിക്കൂറിൽ 4 കിലോ മീറ്ററിൽ താഴെ വേഗതയിൽ വീശുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിക്ക പ്രദേശങ്ങളിലും പുകമഞ്ഞിനും മിതമായ മൂടൽമഞ്ഞിനും സാധ്യതയുണ്ട്. ചില സ്ഥലങ്ങളിൽ രാവിലെ ഇടതൂർന്ന മൂടൽമഞ്ഞ് പ്രതീക്ഷിക്കാം. വൈകുന്നേരത്തോടെ കാറ്റിൻ്റെ വേഗത തെക്ക് കിഴക്ക് നിന്ന് 8-10 കിലോ മീറ്റർ വരെ ഉയരുമെന്നും വൈകുന്നേരവും രാത്രിയിലും 6 കിലോ മീറ്ററിൽ താഴെയായി കുറയുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.