തിരുവനന്തപുരം: തിരുവനന്തപുരം കണിയാപുരം കരിച്ചാറയിൽ വീട്ടിനുള്ളിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. യുവതിക്കൊപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിയെ കാണാനില്ല. കൊലപാതകമാണെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. കണിയാപുരം കണ്ടൽ നിയാസ് മൻസിലിൽ ഷാനു എന്ന വിജിയെയാണ് വീട്ടിനുള്ളിലെ ഹാളിലെ തറയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വൈകീട്ട് അഞ്ചരയോടെ സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്. ആദ്യഭർത്താവ് മരിച്ച വിജി കുറച്ചുനാളായി തമിഴ്നാട് സ്വദേശിയായ രങ്കനുമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. സംഭവശേഷം ഹോട്ടൽ ജീവനക്കാരനായ രങ്കനെ കാണാനില്ല. ഇന്ന് രാവിലെ 8.30ഓടെ ഷിജിയുടെ കുട്ടികൾ സ്കൂളിൽ പോകുമ്പോൾ ഇരുവരും വീട്ടിലുണ്ടായിരുന്നു. രങ്കനായി പൊലീസ് തെരച്ചിൽ തുടങ്ങി.