കോട്ടയം: സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ബിസിഎം കോളേജ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ ഐക്യദാർഢ്യ റാലി നടത്തി. ബിസിഎം കോളേജ് യൂണിയന്റെയും സ്ത്രീ ശാക്തീകരണ കേന്ദ്രത്തിന്റെയും നേതൃത്വത്തിലാണ് റാലി നടത്തിയത്. തകരുന്ന സ്വപ്‌നങ്ങൾ നിശബ്ദമായ നിലവിളി എന്ന മുദ്രാവാക്യവുമായാണ് റാലി സംഘടിപ്പിച്ചത്. കോട്ടയം ബിസിഎം കോളേജിലെ നൂറുകണക്കിന് വിദ്യാർത്ഥിനികൾ റാലിയിൽ പങ്കെടുത്തു. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എൻ.പ്രിയ റാലി ഉദ്ഘാടനം ചെയ്തു. ബിസിഎം കോളേജിൽ നിന്നും ആരംഭിച്ച റാലി ഗാന്ധിസ്‌ക്വയറിൽ സമാപിച്ചു. തുടർന്ന്, കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ഇത് കൂടാതെ കുട്ടികൾ ബോധവത്കരണ പ്രതിജ്ഞയും എടുത്തു.