വൈക്കം : ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തൃപ്പൂണിത്തുറ ശാഖയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 4 ന് ലോക കാൻസർ ദിനത്തിന്റെ ഭാഗമായി ഓറൽ കാൻസർ സംബന്ധിച്ച ജാഗ്രത വർദ്ധിപ്പിക്കുന്നതിനും സ്‌ക്രീനിങ്ങിനുമായി ജനോപകാരപ്രദമായ പരിപാടികൾ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി രാവിലെ 9 ന് കാക്കനാട് ജില്ലാ ജയിലിൽ മൂവാറ്റുപുഴ അണ്ണൂർ ഡെന്റൽ കോളേജിലെ ഓറൽ പാത്തോളജി വിഭാഗം മേധാവി പ്രൊഫസർ ഡോ. ദീപു ജോർജിന്റെ ജാഗ്രത പ്രഭാഷണവും തുടർന്ന് കാർകിനോസ് ടീം നടത്തുന്ന ജയിൽ തടവുകാരുടെ ഓറൽ സ്‌ക്രീനിങ്ങും ഉണ്ടായിരിക്കും. തുടർന്ന് നടക്കുന്ന കാർ റാലിയിൽ ഇരുമ്പനം എസ്. എൻ. ഡി. പി. ഹാളിൽ വച്ച് ലഖുലേഖ വിതരണവും ഡോ. ബീനയുടെ ജാഗ്രത പ്രഭാഷണവും തുടർന്ന് ഓറൽ സ്ക്രീനിംഗ് ക്യാമ്പും നടക്കും.
കാർ റാലി പൂത്തോട്ട ശ്രീ നാരായണ ലോ കോളേജിൽ എത്തിയശേഷം വിദ്യാർത്ഥികൾക്കായി ന്യൂയോർക്കിലെ റോസ്‌വെൽ പാർക്ക് കാൻസർ ഇൻസ്ടിട്യൂട്ടിലെ ഹെഡ് ആന്റ് നെക്ക് പ്ലാസ്റ്റിക് ആന്റ് റീകൺസ്ട്രക്റ്റീവ് സർജറി പ്രൊഫെസ്സറും വൈസ് ചെയർമാനുമായ ഡോ. മോനി അബ്രഹാം കുര്യാക്കോസിന്റെ കാൻസർ ജാഗ്രത പ്രഭാഷണവും ഉണ്ടായിരിക്കും. പഞ്ചായത്ത് പ്രതിനിധികളും കോളേജ് അധികാരികളും പങ്കെടുക്കുമെന്ന് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തൃപ്പൂണിത്തുറ ശാഖ പ്രസിഡന്റ് ഡോ. അനൂപ്കുമാർ. ആർ , സെക്രട്ടറി ഡോ. മാത്യൂസ് ബേബി, സി. ഡി. എച്ച്. കൺവീനർ ഡോ. അഭിനയ ശ്രീധർ എന്നിവർ അറിയിച്ചു.