സ്പോർട്സ് ഡെസ്ക്ക് : ലോകകപ്പ് ക്രിക്കറ്റിൽ നിർണ്ണായക മത്സരത്തിൽ ദക്ഷിണാഫ്രിക്കക്ക് വിജയം. ഒരു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്.
പാക്കിസ്ഥാൻ ഉയർത്തിയ 271 റൺസ് വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക 47.2 ഓവറിൽ മറികടന്നു. ഫോമിലുള്ള എയ്ഡൻ മാർക്രത്തിൻ്റെ ഇന്നിംഗ്സാണ് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്ത് പകർന്നത്. മാർക്രം 93 പന്തിൽ 91 റൺസെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്വിൻ്റൺ ഡി കോക്ക് (24), ക്യാപ്റ്റൻ തെംബ ബാവുമ(28), വാൻ ഡെർ ദസൻ (21) എന്നിവർക്ക് നല്ല തുടക്കം കിട്ടിയെങ്കിലും മുതലാക്കാനായില്ല. ഹെൻറിച്ച് ക്ലാസ്സൻ (12) നിരാശപ്പെടുത്തി.
അഞ്ചാം വിക്കറ്റിൽ ഒത്ത് ചേർന്ന മാർക്രം, ഡേവിഡ് മില്ലർ സഖ്യം 70 റൺസ് കൂട്ടിച്ചേർത്തു. വിജയത്തിലേക്ക് 65 റൺസ് വേണ്ടിയിരിക്കെ മില്ലറെ പുറത്താക്കി ഷഹീൻ അഫ്രീദി പാക്കിസ്ഥാന് പ്രതീക്ഷ നല്കി. എന്നാൽ പിന്നീട് വന്ന മാർക്കോ ജാൻസൺ ആക്രമിച്ച് കളിച്ചു. 14 പന്തിൽ 20 റൺസെടുത്ത ജാൻസണെ റൗഫ് പുറത്താക്കി.
പിന്നീടെത്തിയ ജെറാൾഡ് കോട്സെയുമായി ചേർന്ന് കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ മാർക്രം ദക്ഷിണാഫ്രിക്കയ്ക്ക് വിജയം സമ്മാനിക്കുമെന്ന് തോന്നിച്ചെങ്കിലും ടീം സ്കോർ 250 ൽ നില്‍ക്കേ പുറത്തായി. ജയത്തിലേക്ക് 20 റണ്‍സ് വേണ്ടിയിരിക്കേ കൊട്സെ പുറത്തായത് ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും ആശങ്ക സൃഷ്ടിച്ചു.
കേശവ് മഹാരാജും, ലുംഗി എന്‍ഗിഡിയും തട്ടിമുട്ടി നില്‍ക്കുന്നതിനിടെ എന്‍ഗിഡിയും പുറത്തായി. റൗഫിന്റെ മനോഹരമായ റിട്ടേണ്‍ ക്യാച്ചിലൂടെയാണ് എന്‍ഗിഡി പുറത്താകുന്നത്.
അവസാന വിക്കറ്റില്‍ വിജയം ഇരു പക്ഷത്തേക്കും മാറിമറിഞ്ഞെങ്കിലും കേശവ് മഹാരാജ് സമചിത്തതയോടെ കളിച്ച് ദക്ഷിണാഫ്രിക്കയുടെ രക്ഷകനായി.
പാക്കിസ്ഥാന് വേണ്ടി ഷഹീൻ അഫ്രീദി മൂന്നും, മുഹമ്മദ് വാസിം, ഉസാമ മിര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.വിജയം അനിവാര്യമായ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാൻ 46.4 ഓവറിൽ 270 റൺസിന് പുറത്താകുകയായിരുന്നു. സൗദ് ഷക്കീൽ ( 52), ക്യാപ്റ്റൻ ബാബർ അസം (50) എന്നിവർ അർധ സെഞ്ച്വറി നേടി. ഷഡാബ് ഖാൻ (43, മുഹമ്മദ് റിസ്വാൻ (31) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു. പത്ത് ഓവറിൽ 60 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ തബ്രായിസ് ഷംസിയാണ് വിക്കറ്റ് വേട്ടയിൽ മുന്നിട്ട് നിന്നത്. മാർക്കോ ജാൻസൺ മൂന്ന് വിക്കറ്റും നേടി. ടൂർണ്ണമെൻ്റിൽ നിലനില്ക്കണമെങ്കിൽ ഈ മത്സരത്തിൽ ജയം അനിവാര്യമായിരുന്ന പാക്കിസ്ഥാന് ജയത്തോടെ സെമി പ്രതീക്ഷ എറെ അകലെയായി.