ജറുസലേം : ഗാസയിൽ താമസിക്കുന്ന യുവ ഫോട്ടോ ജേണലിസ്റ്റായ ഫാത്തിമ ഹസ്സൂനയ്ക്ക്, തൻ്റെ മരണം എപ്പോഴും പടിവാതിൽക്കൽ ഉണ്ടെന്ന് അറിയാമായിരുന്നു. തലയ്ക്ക് മുകളിലൂടെ മിസൈലുകളും ബോംബുകളും ചീറിപായുമ്ബോള്‍ മരണത്തെ കുറിച്ച് ചിന്തിക്കാതെ അവർക്ക് ഒരടി മുന്നോട്ട് വെക്കാനാകുമായിരുന്നില്ല. താൻ മരിക്കുകയാണെങ്കില്‍ അത് ലോകം മുഴുവൻ അറിയണമെന്നുള്ള ഒറ്റ ആഗ്രഹം മാത്രമാണ് ഹസ്സൂനയ്ക്ക് ഉണ്ടായിരുന്നത്. തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ ഹസ്സൂന അക്കാര്യം ലോകത്തോട് പറയുകയും ചെയ്തു.
‘ഞാൻ മരിക്കുകയാണെങ്കില്‍, അത് എല്ലാവരും അറിയുന്ന ഒരു മരണമായിരിക്കണം. വെറുമൊരു ബ്രേക്കിംഗ് ന്യൂസോ, ഒരു കൂട്ടത്തിലെ ഒരക്കമോ ആകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ലോകം അറിയുന്ന ഒരു മരണം, കാലത്തെ അതിജീവിക്കുന്ന ഒരു ശേഷിപ്പായി അത് മാറണം, കാലത്തിനോ സ്ഥലത്തിനോ മായ്ച്ചുകളയാൻ കഴിയാത്ത കാലാതീതമായ ഒന്നായിരിക്കണം, അതാണ് എനിക്ക് വേണ്ടത്’ ഹസ്സൂന സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ച് വെച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇങ്ങനെ എഴുതി വെച്ച് അധികം കാത്തിരിക്കേണ്ടി വന്നില്ല, ഹസ്സൂനയ്ക്ക്. ബുധനാഴ്ച ഇസ്രയേലി വ്യോമാക്രമണത്തില്‍ ആ 25-കാരി കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ അവരുടെ വീടിന് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഗർഭിണിയായ സഹോദരി ഉള്‍പ്പെടെ കുടുംബത്തിലെ പത്ത് അംഗങ്ങളും കൊല്ലപ്പെട്ടു.
ഒരു ഹമാസ് അംഗത്തെ ലക്ഷ്യംവെച്ചുള്ള ആക്രമണമായിരുന്നു ഇതെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വിശദീകരണം. വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയായിരുന്നു ഹസ്സൂന കൊല്ലപ്പെടുന്നത്. കൊല്ലപ്പെടുന്നതിന് ഇരുപത്തിനാല് മണിക്കൂർ മുമ്ബ്, ഗാസയിലെ ഹസ്സൂനയുടെ ജീവിതം കേന്ദ്രീകരിക്കുന്ന ഒരു ഡോക്യുമെന്ററി, കാനിന് സമാന്തരമായി നടക്കുന്ന ഒരു ഫ്രഞ്ച് സ്വതന്ത്ര ചലച്ചിത്രോത്സവത്തില്‍ അരങ്ങേറ്റം കുറിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഇറാനിയൻ സംവിധായിക സെപിദെ ഫാർസി നിർമ്മിച്ച ‘പുട്ട് യുവർ സോള്‍ ഓണ്‍ യുവർ ഹാൻഡ് ആൻഡ് വാക്ക്’ എന്ന ചിത്രമായിരുന്നു അത്. ഹസ്സൂനയും ഫാർസിയും തമ്മിലുള്ള വീഡിയോ സംഭാഷണങ്ങളിലൂടെ ഗാസയുടെ ദുരിതത്തിന്റെയും പലസ്തീൻകാരുടെ ദൈനംദിന ജീവിതത്തിന്റെയും കഥ പറയുന്നതായിരുന്നു അത്.