തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐഡി കാര്‍ഡ് വിവാദത്തില്‍ പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് ഇനി എത്ര വ്യാജ കാര്‍ഡ് അടിക്കുമെന്ന് ഗോവിന്ദൻ ചോദിച്ചു.ഗൗരവതരമായ വിഷയമാണെന്നും ഉത്കണ്ഠ ഉണ്ടാക്കുന്നുണ്ടെന്നും പറഞ്ഞ അദ്ദേഹം സംഭവത്തില്‍ ഗൗരവമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. ഇത്തരത്തില്‍ പൊതു തെരഞ്ഞെടുപ്പിനെ പോലും അട്ടിമറിക്കാനാകുമെന്നും ഇത് അപകടകരമായ വ്യാജ നിര്‍മിതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി എ.എ.റഹീം എം പി.തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തര നടപടിയെടുക്കണമെന്നാണ് ആവശ്യം. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരഞ്ഞടുപ്പ് കമ്മിഷന്റെ വ്യാജ ഐഡിക്കാര്‍ഡുകള്‍ ഉണ്ടാക്കിയെന്നാണ് പരാതി ഉയര്‍ന്നത്. ഒന്നര ലക്ഷത്തോളം വ്യാജ ഇലക്ഷൻ ഐഡി കാര്‍ഡ് ഉണ്ടാക്കിയെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിന് ഇതില്‍ പങ്കുണ്ടെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു.