യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ അന്തരിച്ചു

കൊച്ചി: യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വൈകിട്ടായിരുന്നു അന്ത്യം സംഭവിച്ചത്. 

Advertisements

ആറ് മാസമായി ചികിത്സയിൽ കഴിയുകയായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസമ്മർദത്തിലെ വ്യതിയാനമടക്കം പരിഹരിക്കാൻ ശ്രമം തുടരുന്നതിനിടെയാണ് ഇന്ന് വൈകിട്ട് 5.21 ന് അന്ത്യം സംഭവിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എറണാകുളം ജില്ലയിലെ പുത്തൻകുരിശ് വടയമ്പാടിയിൽ ചെറുവിള്ളിൽ കുടുംബത്തിലെ മത്തായിയുടേയും കുഞ്ഞാമ്മയുടേയും എട്ടുമക്കളിൽ ആറാമനായി 1929 ജൂലൈ 22 നായിരുന്നു കുഞ്ഞൂഞ്ഞ് എന്ന് വിളിപ്പേരുള്ള സിഎം തോമസിന്റെ ജനനം. 

ദാരിദ്ര്യവും രോഗവും കുഞ്ഞൂഞ്ഞിന്റെ പഠനം നാലാം ക്ലാസിൽ മുടക്കി. പോസ്റ്റൽ ഡിപ്പാർട്ട്മെന്റിൽ അഞ്ചലോട്ടക്കാരൻ ആയി സിഎം തോമസ് കുറച്ചുകാലം ജോലിനോക്കി. അമ്മയ്ക്കൊപ്പം പ്രാർത്ഥനയ്ക്കായി എത്തിയിരുന്ന മലേക്കുരിശ് ദയറായിൽ അക്കാലത്ത് വൈദികനായിരുന്ന സിവി എബ്രഹാമുമായുള്ള സൗഹൃദമാണ് സിഎം തോമസിനെ വൈദികവൃത്തിയിലേക്ക് ആകർഷിച്ചത്.

അഞ്ചലോട്ടക്കാരന്റെ ജോലി രാജിവച്ച് പൗരോഹിത്യ ശ്രേണിയുടെ ആദ്യഘട്ടമായ കോറൂയോ പട്ടം നേടി. തുടർന്ന് പിറമാടം ദയറായിൽ എത്തുമ്പോൾ തോമസിന്റെ പ്രായം 23 വയസ്സായിരുന്നു. വൈദിക പഠനത്തോടൊപ്പം വേദപുസ്തകത്തിലും പാണ്ഡിത്യം നേടിയ അദ്ദേഹം 1958 ൽ വൈദികപട്ടം സ്വീകരിച്ചു. ഫാദർ തോമസ് ചെറുവിള്ളിൽ എന്നായിരുന്നു ആദ്യ പേരുമാറ്റം. പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളി വികാരി ആയ കാലത്ത് തന്നെ വെള്ളത്തൂവലിലും കീഴ്മുറിയിലും വലമ്പൂരിലും പള്ളിവികാരിയായി സേവനമനുഷ്ഠിച്ചു. 

കൊൽക്കത്തയിലെ കൽക്കരി ഖനിയിൽ ജോലി നോക്കുന്നവർക്കിടയിലും കഷ്മീരിലെ ഉതംപൂരിലും ഫാദർ തോമസ് ചെറുവിള്ളിൽ മിഷൻ പ്രവർത്തനങ്ങൾക്കിറങ്ങി. വരിക്കോലി കുഷ്ഠരോഗ ആശുപത്രിയിലെ അന്തേവാസികൾക്കിടയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മുന്നിട്ടിറങ്ങാനും പള്ളിവികാരിയായിരുന്ന അദ്ദേഹത്തിന് സാധിച്ചു. അത്യുജ്ജലമായ വാക്ചാതുരി കൊണ്ട് ആയിരങ്ങളെ ആകർഷിച്ച ഫാദർ തോമസ് ചെറുവിള്ളിൽ അറിയപ്പെട്ടിരുന്നത് സുവിശേഷക്കാരിലെ സ്വർണനാവുകാരൻ എന്നായിരുന്നു. 

കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രി മുതൽ പുത്തൻകുരിശിലെ പാത്രിയാർക്ക സെന്ററും അസംഖ്യം വിദ്യാഭ്യാസ സ്ഥാപനങ്ങളും സഭയ്ക്ക് മുതൽക്കൂട്ടായത് ഫാ.തോമസ് ചെറുവിള്ളിലിന്റെ ദീർഘ വീക്ഷണവും സംഘാടനാ പാടവവും കൊണ്ടാണ്. 1970-71 കാലഘട്ടം മുതൽ തന്നെ സഭയിൽ അനൈക്യത്തിന്റെ വിത്തുകൾ മുളച്ചു തുടങ്ങിയിരുന്നു. ഓർത്തഡോക്സ് , യാക്കോബായ സഭാതർക്കം ചൂടുപിടിച്ചുവന്ന 1974 ഫെബ്രുവരി 24 ന് തോമസ് മാർ ദിവന്ന്യാസിയോസ് എന്ന പേരിൽ അങ്കമാലി ഭദ്രാസനാധിപനായി ഗീവർഗീസ് മാർ ഗ്രിഗോറിയോസിനൊപ്പം ദമാസ്കസിൽ വച്ച് അഭിഷിക്തനായി. 

1974 മുതൽ 1998 വരെയുള്ള കാലഘട്ടത്തിൽ അങ്കമാലി ഭദ്രാസനാധിപനായിരുന്നു തോമസ് മാർ ദിവന്ന്യാസിയോസ്. ഇക്കാലത്തിനിടയിൽ പഴന്തോട്ടം, മാമലശേരി, കോലഞ്ചേരി, തൃക്കുന്നത്ത് സെമിനാരി പള്ളി തുടങ്ങി സഭാതർക്കങ്ങളുണ്ടായ ഇടങ്ങളിലെല്ലാം യാക്കോബായ വിശ്വാസി സമൂഹത്തിന് നീതിലഭിക്കാൻ അദ്ദേഹം നിന്നു.

പുത്തൻകുരിശിൽ 2000 ഡിസംബർ 27ന് ചേർന്ന പള്ളി പ്രതിപുരുഷയോഗമാണ് തോമസ് മാർ ദിവന്ന്യാസിയോസിനെ നിയുക്ത കാതോലിക്കാ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. 2002 ജൂലൈ 26ന് ബസേലിയോസ് തോമസ് പ്രഥമൻ എന്ന പേരിൽ ശ്രേഷ്ഠ കാതോലിക്ക ബാവയായി ദമാസ്ക്കസിൽ വെച്ച് അദ്ദേഹം അഭിഷിക്തനായി. ആരോഗ്യകാരണങ്ങളാൽ 2019 മെയ് 1 ന് ഭരണച്ചുമതലകളിൽ നിന്ന് ഒഴിഞ്ഞെങ്കിലും ആത്മീയ നേതൃസ്ഥാനത്ത് തുടരുകയായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.