മണർകാട്: യാക്കോബായ സഭയെ പ്രതിസന്ധികളിൽ വഴിനടത്തിയത് വിശ്വാസവും പ്രാർഥനയുമാണെന്ന് കെ. കുര്യാക്കോസ് കോർ-എപ്പിസ്കോപ്പ കിഴക്കേടത്ത്. മലങ്കര യാക്കോബായ സുറിയാനി സഭയിൽ ശാശ്വതസമാധാനം നിലനില്ക്കുന്നതിനുവേണ്ടി ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടത്തിയ അഖണ്ഡ പ്രാർഥന ഉദ്ഘാടനം ചെയ്തു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.ശ്ലീഹന്മാരുടെ കാലം മുതൽ പ്രതിസന്ധിയിലൂടെ കടന്നുപോയ സുറിയാനി സഭയുടെ ഈ കാലഘട്ടത്തിലെ വെല്ലുവിളികളെയും പ്രാർഥനയിലൂടെ അതിജീവിക്കും.
ഏത് ബലഹീനന്റെയും ബലമാണ് പ്രാർഥന. ഏത് ബലവാന്റെയും ബലഹീനതയാണ് പ്രാർഥന. ഇന്ന് പരിശുദ്ധ സഭ നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കാൻ വിശ്വാസികൾക്ക് പ്രാർഥനയിലൂടെ സാധിക്കണം. മനമുരുകിയുള്ള ആത്മാർഥമായ പ്രാർഥനയ്ക്ക് മുന്നിൽ ദൈവം തന്റെ അത്ഭുതങ്ങളും അടയാളങ്ങളും വെളിപ്പെടുത്തി സഭയെ യഥാസ്ഥാനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കത്തീഡ്രലിൽ 27ന് ആരംഭിച്ച് മൂന്നു ദിവസങ്ങളിലായി നടന്ന അഖണ്ഡ പ്രാർഥനയിൽ വിവിധ ദിവസങ്ങളിൽ ഫാ. ജെ. മത്യൂസ് മണവത്ത്, ഫാ. സനോജ് കരോട്ടെക്കുറ്റ്, ഫാ. ലിറ്റു തണ്ടാശേരി എന്നിവർ വചനസന്ദേശം നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സന്ധ്യാനമസ്കാരത്തോടെ ആരംഭിച്ച പ്രാർഥനായജ്ഞം രാത്രി 9.30ന് അവസാനിക്കുകയും തുടർന്ന് ഇന്നലെ രാവിലെ വിശുദ്ധ കുർബാനയോടുകൂടി പുനരാരംഭിച്ച് ഉച്ച നമസ്കാരത്തോടുകൂടി അഖണ്ഡ പ്രാർഥനായജ്ഞം സമാപിച്ചു. പ്രോഗ്രാം & മീഡിയ കൺവീനറും കത്തീഡ്രൽ സഹവികാരിയുമായ കെ. കുര്യാക്കോസ് കോർ-എപ്പിസ്കോപ്പ കിഴക്കേടത്ത്, ട്രസ്റ്റിമാരായ സുരേഷ് കെ. എബ്രഹാം, ബെന്നി ടി. ചെറിയാൻ, ജോർജ് സഖറിയ, കത്തീഡ്രൽ സെക്രട്ടറി പി.എ. ചെറിയാൻ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.