തിരുവനന്തപുരം: സംസ്ഥാനത്ത് തുലാമഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. നിലവിലെ സാഹചര്യം നിരീക്ഷിക്കുകയാണെന്നും അറിയിപ്പില്‍ മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
അറബികടലിലെ ന്യൂനമർദ്ദം മഹാരാഷ്ട്ര തീരത്തിന് സമീപത്താണ് സ്ഥിതിചെയ്യുന്നത്. നാളെയോടെ ഇത് തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട് തീരത്തിന് സമീപവും തെക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായും ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മലയോര മേഖലയില്‍ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. കേരള-കർണാടക -ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ അധികൃതരുടെ നിർദേശപ്രകാരം മാറി താമസിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി.