സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; മലയോര മേഖലകളിൽ അതീവ ജാഗ്രത മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആറ് ജില്ലകളില്‍ യെല്ലോ അലർട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴി‍ഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ കിട്ടിയ മലയോരമേഖലകളില്‍ അതീവ ജാഗ്രത വേണമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി. മഴ ശക്തമായതോടെ മത്സ്യബന്ധനം വിലക്കി. കേരളാ തീരത്ത് ഉയർന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്. കേരളാ തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. കൂടാതെ തെക്ക് – കിഴക്കൻ അറബിക്കടലില്‍ കേരള തീരത്തിന് അരികെയായി ഒരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നതെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.

Advertisements

അതേസമയം, തൃശൂരില്‍ കനത്തമഴ തുടരുകയാണ്. ശക്തമായ മഴയില്‍ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. ഇക്കണ്ടവാര്യർ റോഡ്, അക്വാട്ടിക്ലൈൻ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്. കനത്ത മഴയില്‍ മതിലകത്ത് വീട് തകർന്നു വീണു. മതിലകം പതിനൊന്നാം വാർഡില്‍ കഴുവിലങ്ങ് തോപ്പില്‍ ബാബുവിന്റെ ഓടിട്ട വീടാണ് തകർന്നു വീണത്. ഇന്ന് രാവിലെ 10 മണിയോടെ പെയ്ത കനത്ത മഴയിലാണ് വീട് തകർന്നത്. സംഭവ സമയം വീട്ടില്‍ ആളുണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇടുക്കി പൂച്ചപ്രയില്‍ ഇന്നലെ രാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. ഉരുള്‍പൊട്ടലില്‍ രണ്ടു വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. തലനാരിഴയ്ക്കാണ് വീട്ടിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത്. ഉരുള്‍പൊട്ടലിനെ തുടർന്ന് വലിയ പാറക്കല്ലുകള്‍ ജനവാസ മേഖലയിലേക്ക് ഉരുണ്ടുവരികയായിരുന്നു. ഏക്കർ കണക്കിന് കൃഷിയും ഉരുള്‍പൊട്ടലില്‍ നശിച്ചു.

Hot Topics

Related Articles