സലാ: വധശിക്ഷയിൽ ഇളവ് ലഭ്യമാക്കണമെന്ന് കാട്ടി നിമിഷപ്രിയ സമർപ്പിച്ച അപേക്ഷ അപ്പീൽ കോടതി തള്ളി. വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെയാണ് നിമിഷപ്രിയ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ അപ്പീൽ കോടതിയെ സമീപിച്ചത്. സ്ത്രീയെന്ന പരിഗണന നൽകി കുറ്റവിമുക്തയാക്കുകയോ വധശിക്ഷയിൽ നിന്ന് ഒഴിവാക്കുകയോ വേണമെന്നായിരുന്നു അവരുടെ ആവശ്യം. അപ്പീൽ കോടതി കേസ് തള്ളിയതോടെ നിമിഷപ്രിയയെ കാത്തിരിക്കുന്നത് വധശിക്ഷയാണെന്ന് ഏതാണ്ട് ഉറപ്പായി.
നിമിഷപ്രിയയ്ക്ക് ഇനി ആശ്രയിക്കാവുന്ന ഒരേയൊരിടം യെമനിലെ സുപ്രീംകോടതിയാണ്. അപ്പീൽ കോടതിയുടെ തീർപ്പ് സുപ്രീംകോടതിക്ക് പുനഃപരിശോധിക്കാം. ഈ വിധിയിലേക്കെത്തിയ നടപടിക്രമങ്ങൾ ശരിയായിരുന്നോ എന്ന് പരിശോധിച്ച് നിമിഷപ്രിയയ്ക്ക് അനുകൂലമായ ഒരു നടപടിയും എടുക്കാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പക്ഷേ, വധശിക്ഷയെ എതിർക്കുന്ന ഒരു തീരുമാനം യെമനിലെ കോടതിയുടെ ഭാഗത്ത് നിന്നുണ്ടാകുമോയെന്ന് അറിയാൻ കാത്തിരിക്കേണ്ടി വരും. വിചാരണയുടെ ഭാഗമായി നിമിഷപ്രിയ വർഷങ്ങളായി യെമനിലെ ജയിലിൽ കഴിയുകയാണ്. 2017 ജൂലായ് 25നാണ് സംഭവത്തിനാസ്പദമായ സംഭവമുണ്ടായത്. തലാൽ അബ്ദു മെഹ്ദി എന്ന യെമൻ പൗരനെയാണ് നിമിഷ പ്രിയയും സുഹൃത്തായ യെമൻകാരി ഹനാനും മറ്റൊരു യുവാവും ചേർന്ന് കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ട യെമൻ സ്വദേശിയുടെ കുടുംബം നഷ്ടപരിഹാര തുക കൈപ്പറ്റി നിമിഷയ്ക്ക് മാപ്പ് അനുവദിച്ചാൽ വിഷയം വധശിക്ഷയിൽ ഇളവ് ലഭിച്ചേനെ. എന്നാൽ, ഇവർ ഇതിനു തയ്യാറായിട്ടില്ല. മാത്രമല്ല കൊല്ലപ്പെട്ട തലാൽ അബ്ദു മെഹ്ദിയുടെ ബന്ധുക്കളെല്ലാം നിമിഷപ്രിയയുടെ വധശിക്ഷ ആഗ്രഹിക്കുന്നവരുമാണ്. കേസ് പരിഗണിച്ചിരുന്ന ദിവസങ്ങളിലെല്ലാം ബന്ധുക്കൾ കോടതിമുറ്റത്ത് തടിച്ചു കൂടുകയും നിമിഷപ്രിയയുടെ വധശിക്ഷയ്ക്കായി മുറവിളി ഉയർത്തുകയും ചെയ്തിരുന്നു.