വൈക്കം : അഷ്ടമി ഉത്സവത്തിന് മുന്നോടിയായുള്ള കുലവാഴ പുറപ്പാട് ഭക്തിനിർഭരമായി. പടിഞ്ഞാറേ മുറി നീണ്ടൂർ മന ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് വാദ്യമേളം, താലപ്പൊലി, കൊട്ട് കാവടി, എന്നിവയുടെ അകമ്പടിയോടെ ആരംഭിച്ച് മടിയത്തറ, കൊച്ചുകവല, കച്ചേരികവല, പടിഞ്ഞാറേ നടവഴി എത്തി ദീപാരാധനയ്ക്ക് ശേഷം വടക്കേ ഗോപുര നടയിലൂടെ ക്ഷേത്രത്തിൽ പ്രവേശിച്ചു. തേരോഴി രാമക്കുറുപ്പ്, കീഴൂർ മധുസൂദന കുറുപ്പ് എന്നിവരുടെ പ്രമാണത്തിൽ വാദ്യമേളം ഒരുക്കി.
1634 -ാം നമ്പർ പടിഞ്ഞാറ്റുംചേരി പടിഞ്ഞാറേ മുറി വൈക്കം പത്മനാഭപിള്ള മെമ്മോറിയൽ എൻ.എസ്.എസ് കരയോഗമാണ് ഇക്കുറി കുലവാഴ പുറപ്പാടിന് ആതിഥേയത്വം വഹിച്ചത്. വൈക്കം നഗരത്തിലെ സംയുക്ത എൻഎസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിലാണ് പരമ്പരാഗതമായി കുലവാഴപുറപ്പാട് നടത്തുന്നത്. അഷ്ടമിക്കായി ക്ഷേത്രം അലങ്കരിക്കുന്നതിനുള്ള കുലവാഴകളും കരിക്കിൻ കുലകളും മറ്റ് അലങ്കാര വസ്തുക്കളും ആഘോഷപൂർവം ക്ഷേത്രത്തിലെത്തിക്കുന്നതാണ് ചടങ്ങ്.