കോട്ടയം : യൂടോക്ക് ഉടമ ജോബി ജോർജിന്റെ ഡ്രൈവർമാർ ഗ്രാഫിക്സ് ഡിസൈനറെ ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് യു ടോക്കിൽ നിന്ന് 15 പേർ കഴിഞ്ഞ ദിവസം കൂട്ടരാജി വച്ചിറങ്ങി. അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പിറ്റേന്ന് ഉണ്ണി ബാലകൃഷ്ണനും വേണു ബാലകൃഷ്ണനും സ്ഥാപനം വിട്ടു. ഇക്കഴിഞ്ഞ 3 നാണ് കൂട്ടരാജിയിലേക്ക് വഴിവച്ച സംഭവം. രാത്രി 11 മണിക്ക് ഷിഫ്റ്റ് കഴിഞ്ഞിറങ്ങിയ വനിതാ സബ് എഡിറ്റർ ട്രെയിനി മദ്യപിച്ച കമ്പനി ഡ്രൈവറുടെയൊപ്പം കാറിൽ കയറാൻ വിസമ്മതിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം.
മദ്യപനായ ഡ്രൈവർക്കൊപ്പം കാറിൽ കയറാതെ നിന്ന പെൺകുട്ടി ആ സമയം ഷിഫ്റ്റ് കഴിഞ്ഞിറങ്ങിയ സഹപ്രവർത്തകനോട് തന്നെ താമസ സ്ഥലത്ത് കൊണ്ടുവിടാൻ ആവശ്യപ്പെട്ടു. അപ്പോൾ അവിടെയുണ്ടായിരുന്ന എക്സിക്യൂട്ടീവ് എഡിറ്റർ പി കെ പ്രകാശ് ഈ വിഷയത്തിൽ ഇടപെടുകയും പെൺകുട്ടിയെ മദ്യപനായ ഡ്രൈവർക്കൊപ്പം കാറിൽ കയറ്റിവിടാൻ ശ്രമിക്കുകയും ചെയ്തു. ഇത് തടഞ്ഞ പിറവം സ്വദേശിയായ ഗ്രാഫിക്സ് ഡിസൈനറെ പി കെ പ്രകാശിന്റെ നിർദ്ദേശപ്രകാരം ഡ്രൈവർമാർ അതി ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിൽ പ്രതിഷേധിച്ചാണ് പെൺകുട്ടികൾ അടക്കമുള്ള 15 പേർ പിറ്റേന്ന് കൂട്ടരാജി നൽകിയത്.
മർദ്ദനത്തെ തുടർന്ന് അവശനായ യുവാവിനെ പിറ്റേന്ന്,
നവംബർ 3 ന് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും യൂ ടോക്ക് ഉടമ ജോബി ജോർജിന്റെ ഭീഷണിയെ തുടർന്ന് അയാൾ ഭയന്ന് ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് പോയി. സിനിമാ നിർമ്മാതായ ജോബി ജോർജ് ഉപദ്രവിക്കും എന്ന് ഭയന്നതിനാൽ പെൺകുട്ടിയും യുവാവും പോലീസിൽ പരാതി നൽകിയില്ല. എങ്കിലും ശക്തമായ പ്രതിഷേധം കൂട്ടരാജിയിലൂടെ അറിയിക്കുകയായിരുന്നു.
കോട്ടയത്തിനടുന്ന് കല്ലറയിലുള്ള യൂ ടോക്കിന്റെ ഓഫീസ് ഒരു അധോലോക സംഘം പോലെയാണ് പ്രവർത്തിക്കുന്നത്. ഗുഡ് വിൽ സിനിമാ കമ്പനി ഓഫീസിനോട് ചേർന്നാണ് യൂ ടോക്ക് സ്റ്റുഡിയോ . ഗുണ്ടകളായ സിനിമാ ഡ്രൈവർമാരാണ് പരിസരം മുഴുവൻ .
യൂ ടോക്ക് തുടങ്ങിയ കാലം മുതൽ തൊഴിലാളി വിരുദ്ധ സമീപനമാണ് ഉടമ സ്വീകരിക്കുന്നത്. വീക്കിലി ഓഫ് ആർക്കും അനുവദിച്ചിരുന്നില്ല. 15 മണിക്കൂർ വരെ ദിവസവും ജോലി ചെയ്യേണ്ട അവസ്ഥയിലായിരുന്നു ജീവനക്കാർ . രണ്ട് മാസം മുമ്പ് പി കെ പ്രകാശ് യൂടോക്കിന്റെ താക്കോൽ സ്ഥാനം കയ്യടക്കിയതു മുതലാണ് ഈ തൊഴിലാളി വിരുദ്ധ നിലപാട് തുടങ്ങിയത്.
മുതലാളിയായ ജോബി ജോർജിനെ സന്തോഷിപ്പിക്കാൻ പി കെ പ്രകാശ് ശ്രമിച്ചു തുടങ്ങിയതോടെ തൊഴിലാളികൾ ദുരിതത്തിലായി. അതൃപ്തി തോന്നുന്ന ജീവനക്കാരെ ഓഫീസിലേക്ക് വിളിച്ചു വരുത്തി നിർബന്ധപൂർവ്വം രാജി എഴുതി വാങ്ങുന്ന പതിവ് യൂടോക്ക് തുടക്കം മുതലേ അനുവർത്തിച്ചിരുന്നു. റിപ്പോർട്ടർമാരും കാമറാമാനും അടക്കം പത്തോളം പേരെയാണ്
രണ്ടു മാസത്തിനിടെ ഇവിടെ നിന്ന് കാരണം ബോധിപ്പിക്കാതെ പറഞ്ഞു വിട്ടത്. കഴിഞ്ഞ
രണ്ടു മാസമായി ജോബി ജോർജിനും പി കെ പ്രകാശിനുമെതിരെ തൊഴിലാളികൾക്കിടയിൽ നിലനിന്നിരുന്ന അസ്വസ്ഥതയാണ് ഇപ്പോൾ കൂട്ടരാജിയിലൂടെ മറ നീക്കി പുറത്തുവന്നിരിക്കുന്നത്.