കോന്നി: അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. പഞ്ചായത്ത് പ്രസിഡന്റ് കല്യാണം കഴിക്കുന്നതൊക്കെ വാര്‍ത്തയാക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കാന്‍ വരട്ടെ. തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ട ഏറ്റവും കുറഞ്ഞ പ്രായത്തില്‍ പഞ്ചായത്തംഗമായ, നിലവില്‍ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റാണ് ഈ ഇരുപത്തിരണ്ടുകാരി. ഊട്ടുപാറ തുണ്ടിയാംകുളത്ത് റോയി ടി.മാത്യുവിന്റെയും മിനി റോയിയുടെയും മകളാണ് സിപിഎം അരുവാപ്പുലം ലോക്കല്‍ കമ്മിറ്റിയംഗം കൂടിയായ രേഷ്മ. ഡിവൈഎഫ്ഐ, എസ്എഫ്ഐ ജില്ലാ ഘടകത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്.
കോന്നി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വര്‍ഗീസ് ബേബിയാണ് വരന്. ഡിസംബര്‍ 26 ന് വൈകിട്ട് 4ന് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് വിവാഹം.അരുവാപ്പുലം പാര്‍ലി വടക്കേതില്‍ പി.എം.ബേബിയുടെയും സാറാമ്മ ബേബിയുടെയും മകനായ വര്‍ഗീസ് ബേബി സിപിഎം കോന്നി ഏരിയ കമ്മിറ്റിയംഗമാണ്.