പത്തനംതിട്ട: എസ്എഫ്ഐയെ പുകഴ്ത്തിയും യൂത്ത് കോൺഗ്രസിനെ വിമർശിച്ചും രംഗത്തെത്തിയെ പിജെ കുര്യനെതിരെ പരസ്യ പോർമുഖം തുറന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ. കണ്ണുള്ളവർ കാണട്ടെ, കാതുള്ളവർ കേൾക്കട്ടെ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ഉൾപ്പെടെ നേതാക്കളെ പൊലീസ് കരുതൽ തടങ്കലിലാക്കിയ സംഭവം ചൂണ്ടിക്കാട്ടിയാണ് രാഹുലിൻ്റെ പോസ്റ്റ്. രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ള നേതാക്കളുള്ള വേദിയിലാണ് പിജെ കുര്യന്റെ വിമർശനമുണ്ടായത്.
ബഹുമാനപൂർവ്വം കുര്യൻ സാർ എന്നാണ് വിളിച്ചിരുന്നത് ഇനി അങ്ങിനെ വിളിക്കില്ലെന്ന് യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി ജിതിൻ ജി നൈനാൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. കഴിഞ്ഞ 9 വർഷമായി യൂത്ത് കോൺഗ്രസ് സമര പോരാട്ടത്തിലാണ്. കൊടിയ മർദ്ദനമേറ്റ് പല നേതാക്കളും ജയിലിൽ പോയി. പൊലീസിന്റെ ഒരു പിടിച്ചു തള്ള് പോലും വാങ്ങാത്ത പിജെ കുര്യൻറെ ഇപ്പോഴത്തെ പരാമർശം അംഗീകരിക്കില്ലെന്നും ജിതിൻ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിനിടെ, പിജെ കുര്യനെ പഴയകാല കേസ് ഓർമിപ്പിച്ച് കൊണ്ടായിരുന്നു മഹിളാ കോൺഗ്രസ് നേതാവിൻ്റെ വിമർശനം. പീഡനക്കേസിൽ പ്രതിയായിട്ടല്ല യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ടിവിയിൽ കാണുന്നതെന്ന് മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിന്ദു ബിനു ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഒരു മണ്ഡലം പ്രസിഡൻ്റിനെ പോലും കണ്ടെത്താൻ കുര്യന് കഴിയുന്നില്ലെന്നും പിജെ കുര്യൻറെ സ്വന്തം മണ്ഡലമായ പുറമറ്റത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ആയി വെയ്ക്കാൻ ആളില്ലെന്നും പറയുന്നു. ഒരു യൂത്ത് കോൺഗ്രസുകാരനെ എങ്കിലും നേതൃനിരയിലേക്ക് കൊണ്ടുവന്നിട്ട് മതി വിമർശനമെന്നും യൂത്ത് കോൺഗ്രസുകാരുടെ സോഷ്യൽ മീഡിയയിൽ പരിഹാസം ഉയരുന്നു.