തിരുവനന്തപുരം: യുവാവിനെ കബളിപ്പിച്ച് അശ്ലീലചിത്രത്തിൽ അഭിനയിപ്പിച്ചെന്ന പരാതിയിൽ വിഴിഞ്ഞം പോലീസ് കേസെടുത്തു. ഒ.ടി.ടി. പ്ലാറ്റ്ഫോം ഉടമകളെയും സംവിധായികയെയും പ്രതിയാക്കിയാണ് തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ യുവാവിന്റെ പരാതിയിൽ പോലീസ് കേസെടുത്തത്. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്നാണ് പരാതി. സമാനമായ പരാതിയുമായി മലപ്പുറംകാരിയായ യുവതിയും രംഗത്തെത്തി.
വെബ്സീരീസിന്റെ ആദ്യ കുറച്ചു ഭാഗങ്ങൾ ചിത്രീകരിച്ച ശേഷമാണ് കരാറിൽ ഒപ്പുവയ്പിച്ചതെന്നാണ് യുവാവിന്റെ ആരോപണം. അതിനു ശേഷം അശ്ലീല ചിത്രമാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി അഭിനയിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. കരാറിൽ നിന്നും പിന്മാറിയാൽ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സംവിധായിക ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചിത്രീകരണം കഴിഞ്ഞശേഷം പ്രതിഫലമായി 20,000 രൂപയാണ് യുവാവിന് നൽകിയത്. തിരുവനന്തപുരത്ത് അരുവിക്കരയിലെ അപ്പാർട്ട്മെന്റിൽ വച്ചായിരുന്നു ചിത്രീകരണം. ഒപ്പുവച്ച കരാർ രണ്ടുദിവസത്തിനകം നൽകാമെന്നു പറഞ്ഞെങ്കിലും ഇതുവരെ നൽകിയിട്ടില്ല. കൊച്ചിയിൽ സുഹൃത്തിന്റെ വീട്ടിലാണ് ഇപ്പോൾ യുവാവ് താമസിക്കുന്നത്.
ഒ.ടി.ടി. പ്ലാറ്റ്ഫോമിനും സംവിധായികയ്ക്കും എതിരേ മലപ്പുറം സ്വദേശിനിയായ യുവതി നേരത്തെ തിരുവനന്തപുരം സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു. സീരിയലിൽ അഭിനയിക്കാനെത്തിയ യുവതിയെ നിർബന്ധിച്ച് അശ്ലീല വെബ്സീരീസിൽ അഭിനയിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. സിനിമ പുറത്തിറങ്ങിയതോടെ വീട്ടിൽ പോകാൻ കഴിയാത്തതിനാൽ തിരുവനന്തപുരത്തെ റെയിൽവേ സ്റ്റേഷനുകളിലാണ് രണ്ടു വയസ്സുള്ള കുഞ്ഞുമായി യുവതി അന്തിയുറങ്ങുന്നത്.
അശ്ലീല സിനിമയാണെന്ന് മനസ്സിലായതോടെ അഭിനയിക്കാൻ പറ്റില്ലെന്ന് പറഞ്ഞെങ്കിലും ഭീമമായ തുക നഷ്ടപരിഹാരമായി സംവിധായിക ചോദിച്ചു. പിന്നീടാണ് സൈബർ സെല്ലിൽ പരാതി നൽകിയത്. എന്നാൽ കേസെടുത്തില്ല. തുടർന്ന് സൈബർ പോലീസിന്റെ നിർദേശപ്രകാരം നേമം പോലീസിൽ പരാതി നൽകാൻ പോയെങ്കിലും പോലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നും യുവതി ആരോപിക്കുന്നു. എന്നാൽ, അഭിനയിക്കുന്നതിന് കരാറിൽ പറഞ്ഞിരുന്ന തുക നൽകിയില്ലെന്നുള്ള പരാതിയാണ് യുവതി നൽകിയിരുന്നതെന്ന് സൈബർ സെൽ ഡിവൈ.എസ്.പി. പ്രതികരിച്ചു.