കോഴിക്കോട് : യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് താത്കാലിക സ്റ്റേ. കോഴിക്കോട് പ്രിൻസിപ്പല്‍ മുൻസിഫ് കോടതി ഒന്നാണ് തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്തത്.സംഘടനയുടെ സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹികളെ കണ്ടെത്താനുള്ള എല്ലാ തെരഞ്ഞെടുപ്പുകളും സ്റ്റേ ചെയ്തിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസിന്റെ ഭരണഘടനാപരമായല്ല തെരഞ്ഞെടുപ്പ് നടത്തുന്നതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കോഴിക്കോട് കിണാശേരി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ഷഹബാസ് ആണ് കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് താത്കാലികമായി സ്റ്റേ ചെയ്ത കോടതി വിഷയത്തില്‍ വിശദമായ വാദം കേള്‍ക്കാൻ മാറ്റി. എതിര്‍കക്ഷികള്‍ക്ക് കേസില്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
സമവായ നീക്കത്തിലൂടെ പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു യൂത്ത് കോണ്‍ഗ്രസിന്‍റെ സംസ്ഥാന നേതൃത്വവും കെപിസിസിയും. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് വേണമെന്ന ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശം. കൂടുതല്‍ വോട്ട് കിട്ടുന്നയാള്‍ പ്രസിഡന്റാകുന്ന പതിവ് രീതിക്ക് ഇക്കുറി മാറ്റവുമുണ്ട്. ആദ്യ മൂന്നു സ്ഥാനക്കാരെ അഭിമുഖം നടത്തി അതില്‍ നിന്ന് പ്രസിഡന്റിനെ കണ്ടെത്തുന്നതാണ് പുതിയ മാര്‍ഗ നിര്‍ദ്ദേശം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വര്‍ഷങ്ങളായി എ ഗ്രൂപ്പിന് ആധിപത്യമുള്ള സംഘടനാ സംവിധാനമാണ് യൂത്ത് കോണ്‍ഗ്രസിന്‍റേത്. ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറിമറഞ്ഞ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പില്‍ അട്ടിമറികള്‍ക്കും സാധ്യതയുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് തെരഞ്ഞെടുപ്പിലേക്ക് എ – ഐ ഗ്രൂപ്പുകള്‍ തമ്മില്‍ നേരിട്ടാണ് മത്സരം. എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലും ഐ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയായി അബിൻ വര്‍ക്കിയുമാണ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഏറ്റുമുട്ടുന്നത്