കോട്ടയം : സംസ്ഥാന സർക്കാരിൻറെ ജനദ്രോഹ ബജറ്റിലും വെള്ളക്കര വർദ്ധിപ്പിച്ചതിനും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ചിനിടെ ഉണ്ടായ ജലപീരങ്കി പ്രയോഗത്തിൽ യുവ നേതാവിന് കണ്ണിന് ഗുരുതര പരിക്ക്. കെഎസ്യു കിടങ്ങൂർ നിയോജകമണ്ഡലം സെക്രട്ടറി തോമസ് കുട്ടിക്കാണ് കണ്ണിന് ഗുരുതരമായി പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തം വാർന്നൊഴുകിയ തോമസ് കുട്ടിയുടെ കണ്ണിൽ രണ്ട് തുന്നി കെട്ടൽ വേണ്ടി വന്നിട്ടുണ്ട്. കാലിന് ഗുരുതരമായി പരിക്കേറ്റ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ചിന്റു കുര്യൻ ജോയി, സംസ്ഥാന സെക്രട്ടറി അഡ്വ.ടോംകോര അഞ്ചേരിൽ , യൂത്ത് കോൺഗ്രസ് നേതാവ് വിഷ്ണു ചേമുണ്ടവള്ളി എന്നിവരെ ജില്ലാ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാരിനെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച രാവിലെ 10 മണിയോടുകൂടിയാണ് കോട്ടയം ഗാന്ധി സ്ക്വയറിൽ നിന്നും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചത്. കളക്ടറേറ്റിനു മുന്നിൽ പതിവുപോലെ ബാരിക്കേഡ് ഉയർത്തിയാണ് പോലീസ് പ്രതിഷേധക്കാരെ നേരിട്ടത്. മാർച്ച് കളക്ടറേറ്റിനു മുന്നിൽ എത്തിയപ്പോൾ പോലീസിന്റെ ജലപീരങ്കി പ്രയോഗത്തിനെതിരെ വെള്ളം നിറച്ച ബലൂണുകൾ എറിഞ്ഞായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പോലീസിന് നേരെ വാട്ടർ ബലൂണുകൾ എറിഞ്ഞ പ്രവർത്തകരെ ജലപീരങ്കി പ്രയോഗത്തിലൂടെയാണ് പോലീസ് നേരിട്ടത്. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുകയും പോലീസിന് നേരെ വാട്ടർ ബലൂൺ ഇടുകയും ചെയ്ത പ്രവർത്തകർക്ക് നേരെ അമിത ശക്തിയിലാണ് ജലപീരങ്കി പ്രയോഗിച്ചത്. ജലപീരങ്കിയേറ്റ് പല പ്രവർത്തകരും റോഡിൽ തെറിച്ചു വീഴുകയും ചെയ്തു. ഇതിനിടെ മുഖത്ത് ജലപീരങ്കി അടിയേറ്റ് ആണ് തോമസുകുട്ടിക്ക് കണ്ണിന് ഗുരുതരമായി പരിക്കേറ്റത്. കണ്ണിൽ നിന്നും രക്തം വാർന്നൊഴുകുന്ന നിലയിലായിരുന്നു തോമസുകുട്ടി നിന്നത്.
ഒടുവിൽ യൂത്ത് കോൺഗ്രസ് നേതാക്കളുടെ ഇടപെട്ട് തോമസുകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജലപീരങ്കി ശക്തമായി വന്നടിച്ചാണ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ചിന്റു കുര്യൻ ജോയ് റോഡിൽ വീണത്. റോഡിൽ വീണ വീഴ്ചയിൽ കാലിലെയും ശരീരത്തിന്റെ പല ഭാഗങ്ങളിലും സാരമായി പരിക്കേൽക്കുകയും ചെയ്തു. ജലപീരങ്കി അടിച്ച് റോഡിൽ തെറിച്ചു വീടാണ് വിഷ്ണുവിനും ടോം കോര അഞ്ചേരിക്കും പരിക്കേറ്റത്. എല്ലാവരെയും യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്.
അമിത നികുതിഭാരം അടിച്ചേൽപ്പിച്ച് ജനങ്ങളെ പിഴിഞ്ഞ തിരുവിതാംകൂർ ഭരണാധികാരി സിപിയുടെ ഗതിയാകും പിണറായി വിജയൻ എന്ന് യോഗം ഉദ്ഘാടനം ചെയ്ത തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു. വെള്ളത്തിനും ശ്വസിക്കുന്ന വായുവിനും പോലും നികുതി ഏർപ്പെടുത്തുന്ന തരത്തിലേക്ക് സംസ്ഥാന സർക്കാർ അധപതിച്ചു കഴിഞ്ഞു. ധൂർത്തടിച്ച പണത്തിന് ബദലായി ജനങ്ങളെ ഊറ്റി പിഴിയുകയാണ് പിണറായിയും ധനമന്ത്രിയും ചേർന്നു നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. പ്രതിഷേധം സമരത്തിലും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ചിന്റു കുര്യൻ ജോയ് അധ്യക്ഷനായിരുന്നു.
കോൺഗ്രസ് നേതാക്കളായ പി.എ സലിം, ഫിൽസൺ മാത്യൂസ്, പി.എ ഷമീർ,ജോബിൻ ജേക്കബ്,ടോം കോര,ജിൺസൻ മാത്യു,സിംസൻ, റോബി ഊടുപുഴയിൽ,റിജു ഇബ്രാഹിം,സുബിൻ ,ജിൻസൺ ചെറുമലയിൽ,ഫ്രാൻസിസ് മരങ്ങാട്ടുപള്ളി,അജു തെക്കേക്കര, അരുൺ മാർക്കോസ്, അന്റോച്ചൻ ജെയിംസ്, എം.കെ ഷമീർ അൻസു സണ്ണി ഷിയാസ് മുഹമ്മദ്, ജെയിംസ് തോമസ്, ജെയ്സൻ പേരുവേലി, ജേക്കബ് ദാസ് എന്നിവർ പ്രതിഷേധ പ്രകടനത്തിനും ധർണയ്ക്കും നേതൃത്വം നൽകി.