ന്യൂഡൽഹി: പ്രശസ്തിക്കുവേണ്ടി വ്യാജ ബോംബ് ഭീഷണി മുഴക്കിയ 25 കാരൻ ഡൽഹിയിൽ അറസ്റ്റിൽ. വിമാനക്കമ്ബനികൾക്കെതിരെ വ്യാജ ഭീഷണികൾ വ്യാപകമായ ശേഷമുള്ള രണ്ടാമത്തെ അറസ്റ്റാണിത്.
ടിവിയിൽ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട വാർത്തകൾ കണ്ട് പ്രശസ്തിക്കു വേണ്ടിയാണ് ഭീഷണി മുഴക്കിയതെന്ന് ഉത്തം നഗർ രാജപുരി സ്വദേശി ശുഭം ഉപാദ്ധ്യായ പൊലീസിനോട് പറഞ്ഞു.
ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളിയാഴ്ച രാത്രിക്കും ശനിയാഴ്ച പുലർച്ചയ്ക്കും ഇടയിൽ ഒരു സമൂഹമാദ്ധ്യമ അക്കൗണ്ട് വഴി രണ്ട് ഭീഷണി സന്ദേശങ്ങൾ വന്നിരുന്നു. ശുഭം ഉപാദ്ധ്യായയുടേതാണ് അക്കൗണ്ട് എന്ന് പൊലീസ് കണ്ടെത്തി. പന്ത്രണ്ടാം ക്ലാസ് വരെ മാത്രം പഠിച്ച ഇയാൾ തൊഴിൽ രഹിതനാണെന്ന് പൊലീസ് പറഞ്ഞു. നാല് വിമാനങ്ങൾക്ക് ഭീഷണി സന്ദേശം അയച്ച ഛത്തീസ്ഗഡ് സ്വദേശിയായ 17കാരൻ ഒക്ടോബർ 16ന് അറസ്റ്റിലായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, വിമാനങ്ങൾക്കുള്ള വ്യാജ ബോംബ് ഭീഷണികളുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉടൻ നീക്കിയില്ലെങ്കിൽ നിയമ നടപടിയെടുക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്, ഐടി മന്ത്രാലയം എക്സ്, മെറ്റാ തുടങ്ങിയ സമൂഹമാദ്ധ്യമങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വിമാനക്കമ്ബനികളുടെയും യാത്രക്കാരുടെ സുരക്ഷാ വിഷയത്തിൽ ഉടൻ ഇടപെടണമെന്നും കേന്ദ്രം വ്യക്തമാക്കി.
വ്യാജ ബോംബ് ഭീഷണികൾ ഫോർവേഡ് ചെയ്യാനും പങ്കിടാനുമുള്ള സൗകര്യം അവ വ്യാപിക്കാൻ ഇടയാക്കുന്നു. നിയമവിരുദ്ധമോ തെറ്റോ ആയ വിവരങ്ങളുടെ ശേഖരണം, അപ്‌ഡേഷൻ, പങ്കിടൽ, ലിങ്ക് ലഭ്യമാക്കൽ തുടങ്ങിയവയ്ക്ക് ഐടി നിയമത്തിന്റെ 79-ാം വകുപ്പ് പ്രകാരം സമൂഹമാദ്ധ്യമങ്ങളും ഉത്തരവാദികളാണ്. ബോംബ് ഭീഷണി പോലുള്ള ദുരുദ്ദേശ്യ പ്രവൃത്തികൾ തങ്ങളുടെ പ്‌ളാറ്റ്ഫോമിൽ അനുവദിക്കരുത്. അത്തരം വിവരങ്ങൾ ജനങ്ങളിലേക്കെത്താതെ ഉടനടി നീക്കണം.
ഇന്ത്യയുടെ ഐക്യം, അഖണ്ഡത, പരമാധികാരം, സുരക്ഷ, സാമ്ബത്തിക സുരക്ഷ എന്നിവയെ ഭീഷണിപ്പെടുത്തുന്ന ഏത് പ്രവൃത്തിയും ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും നിർദ്ദേശമുണ്ട്. വ്യാജ ബോംബ് ഭീഷണികൾ ജനങ്ങളെ ബാധിക്കുന്നതിനൊപ്പം രാജ്യത്തിന്റെ സാമ്ബത്തിക ഭദ്രതയെ അസ്ഥിരപ്പെടുത്തുന്നുവെന്നും ഉത്തരവിൽ പറയുന്നു