ന്യൂയോര്‍ക്ക്: ദശലക്ഷക്കണക്കിന് പേർ ഉപയോഗിക്കുന്ന ജനപ്രിയ വീഡിയോ പ്ലാറ്റ്ഫോമാണ് യൂട്യൂബ്. എന്നാൽ യൂട്യൂബ് വീഡിയോകൾ കാണുമ്പോൾ ഇടയിൽ വരുന്ന പരസ്യങ്ങൾ പല ഉപയോക്താക്കളെയും വളരെയധികം ശല്യപ്പെടുത്തുന്നു. എന്നാൽ പ്രീമിയം ഉപയോക്താക്കൾക്ക് പരസ്യരഹിത വീഡിയോകൾ കാണാനുള്ള സൗകര്യം ലഭിക്കും. ഇപ്പോഴിതാ തിരഞ്ഞെടുത്ത ചില പ്രീമിയം ഉപയോക്താക്കൾക്ക് അവരുടെ സുഹൃത്തുക്കളുമായി പരസ്യരഹിത വീഡിയോകൾ പങ്കിടാൻ കഴിയുന്ന ഒരു പുതിയ ഫീച്ചർ യൂട്യൂബ് നൽകുന്നു. നിലവിൽ ഇത് ഒരു പരീക്ഷണ അടിസ്ഥാനത്തിലാണ് ഉപയോക്താക്കൾക്ക് നൽകുന്നതെന്ന് ആൻഡ്രോയ‌്ഡ് പൊലീസ് റിപ്പോർട്ട് ചെയ്യുന്നു.
ഈ പുതിയ പദ്ധതി വഴി പ്രീമിയം ഉപയോക്താക്കൾ അല്ലാത്തവരുമായി പരസ്യങ്ങളില്ലാതെ പ്രതിമാസം 10 വീഡിയോകൾ പങ്കിടാൻ പ്രീമിയം ഉപഭോക്താക്കൾക്ക് കഴിയും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആഡ്-ഫ്രീ ഷെയറിംഗ് ബട്ടണിൽ ക്ലിക്ക് ചെയ്തുകൊണ്ട് യൂട്യൂബ് പ്രീമിയം ഉപയോക്താക്കൾക്ക് വീഡിയോ ലിങ്ക് എളുപ്പത്തിൽ പങ്കിടാൻ കഴിയും എന്നാണ് റിപ്പോർട്ടുകൾ.
എങ്കിലും മ്യൂസിക് വീഡിയോകൾ, യൂട്യൂബ് ഒറിജിനലുകൾ, ഷോർട്ട്സ്, ലൈവ് സ്ട്രീമുകൾ, സിനിമകളും ഷോകളും പോലുള്ള ചില ഉള്ളടക്കങ്ങൾ പരസ്യങ്ങളില്ലാതെ പങ്കിടാൻ കഴിയില്ല. ഈ സവിശേഷത പ്രയോജനപ്പെടുത്തുന്നതിന്, വീഡിയോ സ്വീകരിക്കുന്ന ഉപയോക്താവ് യൂട്യൂബ് പ്രീമിയം സേവനം ലഭ്യമായ ഒരു രാജ്യത്തെ താമസക്കാരൻ ആയിരിക്കണം എന്നും റിപ്പോർട്ടുകൾ പറയുന്നു.
നിലവിൽ ഈ ഫീച്ചർ തിരഞ്ഞെടുത്ത യൂട്യൂബ് പ്രീമിയം അംഗങ്ങൾക്ക് മാത്രമേ ലഭ്യമാകൂ. അർജന്‍റീന, ബ്രസീൽ, കാനഡ, മെക്സിക്കോ, തുർക്കി, യുകെ എന്നിവിടങ്ങളിലെ പ്രീമിയം വരിക്കാർക്ക് ഈ ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണ്. മുകളിൽ സൂചിപ്പിച്ച രാജ്യങ്ങളിലൊന്നിലാണ് നിങ്ങളെങ്കിൽ, വീഡിയോയുടെ വ്യൂ പേജിലേക്ക് പോയി പരസ്യരഹിതമായി പങ്കിടാനുള്ള ഓപ്ഷൻ ലഭ്യമാണോ എന്ന് കാണാൻ ഷെയറിംഗ് ബട്ടൺ അമർത്തുക.
അവിടെ നിന്ന് നിങ്ങൾക്ക് ലിങ്ക് കോപ്പി ചെയ്യുകയോ അല്ലെങ്കിൽ ഒരു ആപ്പ് വഴി അയയ്ക്കുകയോ ചെയ്യാം. നിങ്ങൾക്ക് എത്ര ആഡ് ഫ്രീ ഷെയറുകൾ നിങ്ങൾക്ക് ബാക്കിയുണ്ടെന്നും നിങ്ങൾക്ക് കാണാൻ സാധിക്കും. ആഡ് ഫ്രീ ഷെയറിംഗ് ഓപ്ഷൻ ഗ്രേ ഔട്ട് ചെയ്‌തിട്ടുണ്ടെങ്കിൽ, അതിനർത്ഥം നിങ്ങൾ പ്രതിമാസ പരിധിയായ 10 വീഡിയോകൾ കവിഞ്ഞു എന്നോ ഈ വീഡിയോ ഷെയറിംഗ് ഫീച്ചറിന് നിങ്ങൾ യോഗ്യമല്ല എന്നാണ്.