ഓണ്‍ലൈൻ ഭക്ഷണ വിതരണ കമ്പനികളില്‍ മുൻനിരയിലുള്ള സ്ഥാപനമാണ് സൊമാറ്റോ. ഒരിക്കലെങ്കിലും സൊമാറ്റോ ആപ്പ് ഉപയോഗിച്ച് ഭക്ഷ്യവസ്തുക്കളോ പലചരക്ക് സാധനങ്ങളോ ഓണ്‍ലൈനായി വാങ്ങിച്ചിട്ടുള്ള വരായിരിക്കാം നിങ്ങള്‍. പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് സൊമാറ്റോ സിഈഒ യുടെ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. പുതുവത്സര തലേന്ന് മാത്രം സൊമാറ്റോയ്ക്ക് വിവിധ ഇന്ത്യൻ ഉപഭോക്താക്കളില്‍ നിന്ന് ടിപ്പായി ലഭിച്ചത് ഒന്നും രണ്ടുമല്ല 97 ലക്ഷം രൂപയാണെന്നാണ് സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയല്‍ തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ചത്.
ഗോയലിന്റെ പോസ്റ്റ് ഇങ്ങനെയാണ്; “ലവ് യു, ഇന്ത്യ! ഇന്ന് രാത്രി നിങ്ങള്‍ക്ക് സേവനം ചെയ്ത ഡെലിവറി പങ്കാളികള്‍ക്ക് നിങ്ങള്‍ ഇതുവരെ 97 ലക്ഷത്തിലധികം രൂപ ടിപ്പ് ചെയ്തിട്ടുണ്ട് ” 2023 ഡിസംബര്‍ 31ന് രാത്രി 11. 39 -നാണ് അദ്ദേഹം ഈ വലിയ നേട്ടം വെളിപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. മറ്റൊരു പോസ്റ്റില്‍ 2023 ഡിസംബര്‍ 31-ന് സൊമാറ്റോയ്ക്കും ബ്ലിങ്കിറ്റിനും വേണ്ടി 3.2 ലക്ഷത്തിലധികം ഡെലിവറി പങ്കാളികള്‍ ജോലി ചെയ്തിരുന്നതായും അദ്ദേഹം വ്യക്തമാക്കി. ഒപ്പം രാജ്യത്തെ ആഘോഷിക്കാൻ സഹായിച്ചതിന് നന്ദിയെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു.