കണ്ണൂർ : തലശേരിയിൽ കാറിൽ ചാരി നിന്നതിന് ചവിട്ടേറ്റ ആറ് വയസുകാരനെ ഉപദ്രവിച്ച മറ്റൊരാൾ കൂടി പിടിയിൽ. പ്രതി മുഹമ്മദ് ഷിഹാദ്, കുട്ടിയെ ചവിട്ടിപ്പരിക്കേൽപ്പിക്കുന്നതിന് മുമ്പ് മറ്റൊരാൾ കൂടി കുട്ടിയെ ഉപദ്രവിച്ചതായി സിസിടിവിയിൽ നിന്നും വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് രണ്ടാമത്തെയാളെയും പിടികൂടിയത്. ഇയാളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. പൊലീസ് കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി.അതിനിടെ, കാറിന് ചാരിനിന്നതിന് കുട്ടിയെ ചവിട്ടിവീഴ്ത്തിയ കേസിലെ പ്രതി മുഹമ്മദ് ഷിഹാദ് കുട്ടിയുടെ തലക്കടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. പൊലീസ് എഫ്ഐആറിൽ, ഷിഹാദ് കുട്ടിയുടെ തലയിൽ അടിച്ചുവെന്നും കാല് കൊണ്ട് ചവിട്ടിയെന്നുമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇതിൽ ചവിട്ടേൽക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. കൂടുതൽ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മറ്റൊരാളും കുട്ടിയുടെ തലക്ക് അടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. അതിനിടെ പൊലീസിനെതിരെ ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി.മുകളിൽ നിന്നുള്ള ഇടപെടലുണ്ടായതിനാലാണ് തലശ്ശേരിയിൽ കുട്ടിയെ ചവിട്ടിത്തെറിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് രാത്രിയിൽ വിട്ടയച്ചതെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ആരോപിച്ചു. പൊലീസിന്റെ കോൾ ലിസ്റ്റ് പരിശോധിച്ച് ഇക്കാര്യം പുറത്തുകൊണ്ടുവരണം. വിട്ടയച്ച സമയത്ത് പ്രതി
മുങ്ങിയിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നെന്നും മാർട്ടിൻ ജോർജ് ചോദിച്ചു. പൊലീസിന് വീഴ്ച പറ്റിയെന്ന വിമര്‍ശനത്തിൽ പരിശോധന തുടങ്ങി. വ്യാഴാഴ്ച രാത്രി സംഭവം നടന്നിട്ടും പ്രതിയെ കസ്റ്റഡിയിലെടുക്കാതെ വീട്ടിലേക്ക് പറഞ്ഞു വിട്ടതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. ഇതിൽ തലശ്ശേരി പൊലീസിന് സംഭവിച്ച വീഴ്ചയാണ് എഎസ്പി നിഥിൻ രാജ് അന്വേഷിക്കുക. സ്റ്റേഷൻ ഹൗസ് ഓഫീസർ, എസ്ഐ അടക്കമുള്ളവരിൽ നിന്ന് മൊഴിയെടുക്കും.
കാറിൽ ചാരി നിന്ന തലശ്ശേരിയിലെ ആറ് വയസുകാരനെ ഉപദ്രവിച്ച രണ്ടാമത്തെയാളും പിടിയിൽ
Advertisements