തിരുവനന്തപുരം: ചിന്ത ജെറോമിനെ യുവജന കമ്മീഷൻ ചെയർപേഴ്‌സൺ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പരാതി നൽകി.
അനുവദനീയമായതിലും അധികം കാലം പദവിയിൽ തുടരുകയും അധികാര ദുർവിനിയോഗം നടത്തുകയും ചെയ്തുവെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ ആണ് ഗവർണർക്ക് പരാതി നൽകിയത്.
യുവാക്കളുടെ കഴിവുകൾ പരിപോഷിപ്പിക്കുക, മെച്ചപ്പെട്ട വിദ്യാഭ്യാസം നേടിയെടുക്കാൻ അവരെ സജ്ജരാക്കുക, യുവാക്കളെ ശാക്തീകരിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് 2014ൽ കേരള സംസ്ഥാന യുവജന കമ്മീഷൻ ആക്റ്റ് പ്രകാരം സ്ഥാപിതമായിരിക്കുന്നത്. 2016 ഒക്ടോബർ നാലിനാണ് ചിന്താ ജെറോമിന്റെ നിയമനം ആദ്യം നടന്നത്. മൂന്ന് വർഷമാണ് നിയമന കാലാവധി. യുവജന കമ്മീഷൻ ആക്റ്റ് അനുസരിച്ച് രണ്ട് തവണയാണ് ഒരാൾക്ക് ഈ തസ്തികയിൽ നിയമനം നേടാനുള്ള അവകാശമെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ചിന്താ ജെറോമിന് നിയമിച്ചിട്ട് ആറ് കൊല്ലം കഴിഞ്ഞു. പക്ഷേ, പദവി വിട്ടൊഴിയാൻ അവർ തയ്യാറാകുന്നില്ല. പ്രവർത്തന കാലാവധി അവസാനിച്ചിട്ടും ഗ്രേസ് പിരീഡ് കൂടി ശമ്ബളം വാങ്ങിയെടുക്കുവാൻ മാത്രം പദവിയിൽ തുടരുകയാണെന്നും പരാതിയിൽ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശമ്ബള വിവാദം, ആഡംബര റിസോർട്ടിലെ താമസ വിവാദം തുടങ്ങിയവയ്ക്ക് പിന്നാലെയാണ് ചിന്ത ജെറോമിനെ പുറത്താക്കണമെന്ന ആവശ്യവുമുയരുന്നത്. ചിന്ത ജെറോമിനെതിരെ പ്രതികരിച്ചതിന് തനിക്കെതിരെ വധഭീഷണി ഉണ്ടായി എന്ന് വിഷ്ണു സുനിൽ പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചിന്തയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഗവർണറെ സമീപിച്ചിരിക്കുന്നത്.