കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപം എസ്എംഇയ്ക്കു മുന്നിൽ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു വീഴ്ത്തിയ കാൽനട യാത്രക്കാരിയായ വിദ്യാർഥിനിക്ക് ചികിത്സാ ചെലവിന് പത്തു പൈസ പോലും നൽകാതെ ബി എം ഡബ്ലിയു കാറിലെത്തിയ ദന്തഡോക്ടർ. കാലിന് നാല് ഒടിവുണ്ടായതിനെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച പെൺകുട്ടിക്ക് ചികിത്സാസഹായം നൽകണമെന്ന് നിർദ്ദേശം പാലിക്കാൻ തയ്യാറാകാതിരുന്ന ഡോക്ടർ – കാലല്ല, തല പോയാലും ശരി പത്ത് പൈസ തരില്ല , നിങ്ങൾ കേസെടുത്തോളൂ ! – എന്ന ധിക്കാരം നിറഞ്ഞ മറുപടിയാണ് നൽകിയത്.
റോഡരികിൽ നിന്ന് പെൺകുട്ടിയെ കൈപ്പുഴ സ്വദേശിയായ ഡോക്ടറുടെ ബിഎംഡബ്ല്യു കാർ അമിതവേഗത്തിൽ എത്തി ഇടിച്ചു വീഴ്ത്തുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ പെൺകുട്ടിയെ ആദ്യം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സയ്ക്ക് ഭീമമായ തുക വേണ്ടി വരുന്നതിനാൽ കുടുംബവും ആശങ്കയിലാണ്. ഇതിനിടയാണ് ചികിത്സാസഹായം നൽകണമെന്ന് ആവശ്യവുമായി ഒരു വിഭാഗം ഡോക്ടറെ സമീപിച്ചത്. എന്നാൽ താൻ പണം നൽകില്ലെന്നും കേസെടുത്തു കൊള്ളാനുള്ള നിർദ്ദേശമാണ് ഡോക്ടറുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഇത് കടുത്ത പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചൊവ്വാഴ്ച വൈകിട്ട് എസ്എംഇയിലെ പെൺകുട്ടിയെ ഇടിച്ചു വീഴ്ത്തിയ കാർ, രണ്ടു വാഹനങ്ങളിലും ഇടിച്ച ശേഷം റോഡരികിലെ മതിലിൽ ഇടിച്ചാണ് കാർ നിന്നത്. ആർപ്പൂക്കര അമ്പലക്കവല ഭാഗത്തു നിന്നും എത്തിയ ബിഎംഡബ്യു കാർ റോഡരികിൽ നിന്ന പെൺകുട്ടിയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. പെൺകുട്ടി സുഹൃത്തുക്കൾക്കൊപ്പം റോഡരികിൽ നിൽക്കുകയായിരുന്നു. ഈ സമയം അമിത വേഗത്തിൽ എത്തിയ കാർ കുട്ടിയെ ഇടിച്ചിട്ട ശേഷം സമീപത്തെ രണ്ടു വാഹനങ്ങളിൽ ഇടിക്കുകയായിരുന്നുതായി നാട്ടുകാർ പറഞ്ഞു. ഇതിനു ശേഷം റോഡരികിലെ മതിൽ ഇടിച്ചു തകർത്താണ് ബിഎംഡബ്യു കാർ നിന്നത്.