കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അറ്റൻഡർ ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയുടെ സ്വർണമാല തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം ടോൾ ജംഗ്ഷൻ ഭാഗത്ത് കുറ്റിക്കാട്ടിൽ വീട്ടിൽ കെ.എസ് രാജൻ മകൻ അനൂപ് കെ.ആർ (38) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ വര്‍ഷം കോതനെല്ലൂർ സ്വദേശിയായ വീട്ടമ്മയ്ക്ക് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അറ്റൻഡർ ജോലി വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച ശേഷമാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.
വീട്ടമ്മയെ ഇയാൾ ആശുപത്രിയിലേക്ക് വിളിച്ചു വരുത്തുകയും അറ്റൻഡർ ജോലിക്ക് മെഡിക്കൽ പരിശോധന ആവശ്യമാണെന്നും പരിശോധന സമയം ആഭരണം ധരിക്കാൻ പാടില്ലന്നും ഇയാൾ വീട്ടമ്മയെ വിശ്വസിപ്പിച്ചു. തുടർന്ന്, ഇയാൾ വീട്ടമ്മയുടെ കഴുത്തിൽ ധരിച്ചിരുന്ന ഒന്നര പവൻ മാല ഊരി വാങ്ങിയതിനു ശേഷം ഗസറ്റഡ് റാങ്കിലുള്ള ഡോക്ടർ വന്നിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരാം എന്നുപറഞ്ഞ് മാലയുമായി കടന്നുകളയുകയായിരുന്നു. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ വിവിധ കേസുകളിൽ പെട്ട് ഒളിവിൽ കഴിഞ്ഞുവരുന്ന പ്രതികളെ പിടികൂടുന്നതിന് വേണ്ടി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് തിരച്ചിൽ ശക്തമാക്കിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനെ തുടർന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ ആലപ്പുഴ ജില്ലയിലെ തുറവൂരിൽ നിന്നും പിടികൂടുകയായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്. ഓ ഷിജി കെ, എസ്.ഐ മാർട്ടിൻ അലക്സ്, സി.പി.ഓ മാരായ പ്രവീനോ,രാഗേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാൾക്ക് വൈക്കം, കരിമണ്ണൂർ, കടുത്തുരുത്തി എന്നീ സ്റ്റേഷനുകളിൽ സമാന രീതിയിലുള്ള കേസുകൾ നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.