കോട്ടയം: വന്ധ്യതാ ചികിത്സയ്ക്കു പോകാൻ അവധി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന് പുലർച്ചെ വരെ ആറാട്ടിന് ഡ്യൂട്ടി. ചോദ്യം ചെയ്ത് വാട്സ് അപ്പ് ഗ്രൂപ്പിൽ മെസേജിട്ടതിന്റെ പേരിൽ അച്ചടക്ക നടപടിയ്ക്കു മെമ്മോ. അമിത സമ്മർദം താങ്ങാനാവാതെ കോട്ടയം ചിങ്ങവനം പൊലീസ് സ്റ്റേഷനു മുന്നിൽ സിവിൽ പൊലീസ് ഓഫിസറുടെ ആത്മഹത്യാ ശ്രമം. കോട്ടയം ചിങ്ങവനം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറാണ് ചികിത്സയ്ക്കു പോലും അവധി അനുവദിക്കാതെ മേലുദ്യോഗർ മാനസികമായി പീഡിപ്പിച്ചതിനെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ചത്. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ കാണാതായതുമായി ബന്ധപ്പെട്ട് ജാഗ്രതാ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിലാണ് ഒരാഴ്ച മുൻപ് നടന്ന ആത്മഹത്യാ ശ്രമം പുറത്തായത്.
കഴിഞ്ഞ ആഴ്ച കോട്ടയം ചിങ്ങവനം പൊലീസ് സ്റ്റേഷനു മുന്നിലായിരുന്നു നാടകീയ സംഭവങ്ങൾ. വന്ധ്യതാ ചികിത്സയ്ക്കായി പൊലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിൽ അവധിയ്ക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ, അവധി അനുവദിക്കുന്ന കാര്യത്തിൽ തലേന്നു പോലും തീരുമാനം ആയിരുന്നില്ല. അവധി അനുവദിക്കാതിരിക്കുകയും തലേന്ന് പുലർച്ചെ വരെ ഇതേ പൊലീസ് ഉദ്യോഗസ്ഥന് സ്റ്റേഷൻ പരിധിയിലുള്ള ക്ഷേത്രത്തിലെ ആറാട്ട് ഡ്യൂട്ടിയ്ക്കായി നിയോഗിക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിറ്റേന്ന് രാവിലെ ആശുപത്രിയിൽ ഡോക്ടറെ കാണാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനോട് രാത്രി ഉറങ്ങാതിരുന്നതിന്റെ പേരിൽ ഡോക്ടർ ചൂടായി. രാത്രിയിൽ ഉറങ്ങാതെ വന്നാൽ ചികിത്സ കൊണ്ട് പ്രയോജനമുണ്ടാകില്ലെന്നായിരുന്നു ഡോക്ടറുടെ വാദം. ഇതേ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥൻ അസ്വസ്ഥനാകുകയും ചെയ്തു. എന്നാൽ, പിറ്റേന്ന് അവധി ആവശ്യപ്പെട്ടിട്ടും അവധി അനുവദിക്കാൻ തയ്യാറായില്ല. ഇതോടെ സ്റ്റേഷൻ ഗ്രൂപ്പിൽ ജിഡി ചാർജ് ഉദ്യോഗസ്ഥനെ പരിഹസിച്ച് പൊലീസ് ഉദ്യോഗസ്ഥൻ കമന്റ് ഇട്ടു. ഇത് പരാതി ആയതിനെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥൻ ഇദ്ദേഹത്തിന് അച്ചടക്കം ലംഘിച്ചതായി ആരോപിച്ച് മെമ്മോ നൽകി.
സ്റ്റേഷനിൽ എത്തി മെമ്മോ കൈപ്പറ്റിയ പൊലീസ് ഉദ്യോഗസ്ഥൻ താൻ ജീവനൊടുക്കാൻ പോകുകയാണെന്ന് മറ്റുള്ള ഉദ്യോഗസ്ഥരെ അറിയിച്ച ശേഷം സ്റ്റേഷനു മുന്നിൽ നിന്നും ബൈക്കുമായി എംസി റോഡിലേയ്ക്കു പാഞ്ഞു. റോഡിലൂടെ എത്തിയ കെഎസ്ആർടിസി ബസിനു മുന്നിലേയ്ക്കു ബൈക്കോടിച്ചു കയറ്റാൻ പോയ ഉദ്യോഗസ്ഥനെ സുഹൃത്തുക്കൾ ചേർന്ന് രക്ഷപെടുത്തുകയായിരുന്നു. ബൈക്കിൽ നിന്നും ഇറക്കി താക്കോൽ പിടിച്ചു വാങ്ങി സ്റ്റേഷനു മുന്നിലെത്തിച്ച ഉദ്യോഗസ്ഥനെ സമാധാനിപ്പിക്കുന്നതിനിടെ ഇദ്ദേഹം വീണ്ടും ഓടി എം.സി റോഡിലേയ്ക്കിറങ്ങി ആത്മഹത്യാ ഭീഷണി മുഴക്കി.
സ്ഥിതി ഗതികൾ കൈവിട്ടു പോകുമെന്ന സ്ഥിതിയുണ്ടായതോടെ സഹ പ്രവർത്തകർ വിവരം ചങ്ങനാശേരി ഡിവൈഎസ്പിയെ അറിയിച്ചു. ചങ്ങനാശേരി ഡിവൈഎസ്പി നേരിട്ട് തന്നെ സ്റ്റേഷനിൽ എത്തി പൊലീസ് ഉദ്യേഗസ്ഥനോട് പരാതി ചോദിച്ചറിഞ്ഞു. തുടർന്ന് ഇദ്ദേഹത്തെ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിൽ അടക്കം എത്തിച്ചു. എന്നാൽ, ഇതുവരെയും ഇദ്ദേഹത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിച്ചിട്ടില്ല. പൊലീസ് ഉദ്യോഗസ്ഥരുടെ അമിത ജോലി ഭാരമാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്ന ആരോപണം ഉയർന്നിട്ടുണ്ട്.