ഇടുക്കി: പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ മാങ്കുളം ചിക്കണാംകുടി ആദിവാസി സങ്കേതത്തിൽ നിന്നുള്ള ഗോപാലനു സർക്കാർ വാഗ്ദാനം ചെയ്ത ചികിത്സാസഹായം പാഴ്വാക്കായി മാറുന്നു. പരിക്ക് പൂർണമായും ഭേദമാകാതെ വന്നതോടെ തൊഴിലെടുത്ത് കുടുംബം പുലർത്താനാകാതെ ഇപ്പോൾ ബുദ്ധിമുട്ടുകയാണ് പുലി ഗോപാലൻ എന്നറിയപ്പെടുന്ന ഗോപാലൻ.
പുലിയുടെ ആക്രമണത്തിൽ ഇടത് കൈത്തണ്ടയിലേറ്റ പരിക്ക് ഭേദമാകാത്ത സാഹചര്യത്തിൽ തുടർ ചികിത്സയ്ക്ക് പണം കണ്ടെത്താനാകാത്തതാണ് ഗോപാലന് വിനയായിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇക്കഴിഞ്ഞ സെപ്തംബർ മൂന്നിന് കുടിയിൽ നിന്ന് കൃഷി സ്ഥലത്തേക്ക് പോകുമ്‌ബോഴാണ് ഗോപാലനെ പതിയിരുന്ന പുലി ആക്രമിച്ചത്. മരണത്തെ മുഖാമുഖം കണ്ട ആക്രമണത്തിൽ നിന്ന് പുലിയെ വെട്ടിക്കൊന്നാണ് ഗോപാലൻ രക്ഷപ്പെട്ടത്. ഗുരുതര പരിക്കേറ്റ ഗോപാലനെ നാട്ടുകാർ ചേർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
രണ്ടാഴ്ചയോളം ചികിത്സയിലായിരുന്ന ഗോപാലന് വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ പ്രാഥമിക ചികിത്സയ്ക്കായി 10,000 രൂപയുടെ ധനസഹായം നൽകുകയും 50,000 രൂപ വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാൽ അധികൃതർ തിരിഞ്ഞ് പോലും നോക്കിയിട്ടില്ലെന്നാണ് ഗോപാലൻ പറയുന്നത്. ആശുപത്രി വിട്ടശേഷം കൂലിപ്പണിക്ക് പോകാൻ തീരുമാനിച്ചെങ്കിലും മുറിവ് പൂർണമായും ഭേദമാകാത്തതും അസഹനീയമായ വേദനയും കാരണം അതിന് കഴിയുന്നില്ല.