കോട്ടയം: കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടം ഷൂട്ടിംങിന് വിട്ടു നൽകുന്നതു സംബന്ധിച്ചുള്ള വിവാദത്തിൽ നഗരസഭ ചെയർപേഴ്സണിന് നിയമോപദേശം. കെട്ടിടം ഷൂട്ടിംങിന് വിട്ടു നൽകരുതെന്ന നിയമോപദേശമാണ് ചെയർപേഴ്സണിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കോട്ടയം നഗരസഭ ബലക്ഷയമാണ് എന്നു കണ്ടെത്തിയതിനെ തുടർന്ന് വ്യാപാരികളെ ഒഴിപ്പിക്കുകയും, പൊളിക്കാൻ തീരുമാനിക്കുകയും ചെയ്ത കെട്ടിടത്തിലാണ് ഇപ്പോൾ ഷൂട്ടിംങിനായി അനുമതി നൽകാൻ നടപടി ആരംഭിച്ചത്.
കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ചു അപേക്ഷ ലഭിച്ചപ്പോൾ തന്നെ ചെയർപേഴ്സൺ വിഷയം കൗൺസിലിനു വിട്ടിരുന്നു. എന്നാൽ, ഇതിനിടെ ഒരു കൗൺസിലർ വിഷയത്തിൽ കത്ത് നൽകുകയും, കൂടുതൽ കൗൺസിലർമാർ പിൻതുണയുമായി എത്തുകയും ചെയ്തു. എന്നാൽ, വിഷയം ചർച്ചയ്ക്ക് എടുക്കുന്നതിനു മുൻപ് തന്നെ ഷൂട്ടിംങിനുള്ള നടപടികൾ ആരംഭിച്ചതായി പുറത്ത് വന്ന വിവരമാണ് ഇപ്പോൾ വിവാദമായി മാറിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവം വിവാദമായി മാറുകയും, ഷൂട്ടിംങിന് അനുവാദം നൽകിയാൽ ഇത് കോടതി അലക്ഷ്യമാകുമെന്ന വാദം ഉയരുകയും ചെയ്തതോടെയാണ് നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റിയൻ നിയമോപദേശം തേടിയത്. നഗരസഭയുടെ ലീഗൽ അഡൈ്വസറിൽ നിന്നാണ് ചെയർപേഴ്സൺ നിയമോപദേശം തേടിയത്. ഇതേ തുടർന്നാണ് സിനിമ ഷൂട്ടിംങിന് അനുമതി നൽകരുതെന്ന നിയമോപദേശം ലഭിച്ചത്.
ശനിയാഴ്ച വിഷയം ചർച്ച ചെയ്യുന്നതിനായി അടിയന്തര കൗൺസിൽ യോഗം വിളിച്ചു ചേർത്തിരുന്നു. എന്നാൽ, ഈ യോഗത്തിൽ ചെയർപേഴ്സൺ പങ്കെടുക്കാതെ വിട്ടു നിന്നു. ഇതും വിവാദമായി മാറിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സിനിമാ ഷൂട്ടിംങിന് അനുമതി നൽകുന്നത് കോടതി അലക്ഷ്യമായി മാറുമെന്ന നിയമോപദേശം ലഭിച്ചിരിക്കുന്നത്.