കോട്ടയം : ലെയിൻ ട്രാഫിക് കർശനമാക്കാൻ കോട്ടയം നഗരത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന. കോട്ടയം കോടിമത നാലു വരിപ്പാതയിലാണ് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. റോഡിന്റെ ഇടത് വശം ചേർന്ന് വാഹനം ഓടിക്കണമെന്നും , ഓവർ ടേക്കിങ്ങിനായി വലത് വശം ഉപയോഗിക്കണമെന്നുമാണ് ചട്ടം.
ഈ ചട്ടം പാലിക്കാതെ റോഡിലെ ലെയിൻ ട്രാഫിക് തെറ്റിച്ച വാഹനങ്ങൾക്കും എതിരെയാണ് നടപടി എടുത്തത്. നാലുവരിപ്പാതയിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ 90 ശതമാനം വാഹനങ്ങളും ലെയിൻ ട്രാഫിക് പരിപാലിക്കുന്നില്ലന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. കോട്ടയം ആർടിഒ കെ ഹരികൃഷ്ണന്റെ നിർദ്ദേശപ്രകാരമാണ് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിയത്. അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി.എസ് പ്രജുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രധാനമായും ഗുഡ്സ് വാഹനങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിൽ ഭൂരിഭാഗം വാഹനങ്ങളും ലെയിൻ ട്രാഫിക് പാലിക്കാതെയാണ് വന്നിരുന്നത്. ലെയിൻ ട്രാഫിക് പാലിക്കാത്ത വാഹനങ്ങൾക്ക് പിഴ ചുമത്തിയിട്ടുണ്ട്.