അമ്പലപ്പുഴ : വികസന വാഗ്ദാനം കടലാസിൽ ഒതുങ്ങി. വഴി ഇല്ലാത്തതിനെ തുടർന്ന് മരണപ്പെട്ട വീട്ടമ്മയുടെ മൃതദേഹം ചുമന്നത് രണ്ട് കിലോമീറ്ററോളം ദൂരത്തിൽ. തകഴി പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ക്യാൻസർ ബാധിച്ച് മരണമടഞ്ഞ വാര്യത്ത് നൂറു പറച്ചിറ വീട്ടിൽ കാഞ്ചന (75) യുടെ മൃതദേഹമാണ് കോന്തങ്കരി പാലം മുതൽ പരേതയുടെ വീടുവരെ രണ്ടു കിലോമീറ്ററോളം ദൂരത്തിൽ ചുമക്കേണ്ടി വന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോക് സഭാ – നിയമസഭാ തെരഞ്ഞെടുപ്പു വേളയിൽ പ്രദേശത്ത് വോട്ടു ചോദിച്ച് എത്തിയ എംപി, എം എൽ എ മാർ അടക്കം തങ്ങൾ ജയിച്ചാൽ ഇവിടെ വികസനം എത്തിക്കുമെന്നും റോഡ് നിർമ്മിക്കുമെന്നും വാഗ്ദാനം നൽകിയിരുന്നു.
ഇതുകൂടാതെ മുപ്പത്തി അഞ്ച് വർഷമായി കോൺഗ്രസ് മാത്രം ജയിച്ചിരുന്ന വാർഡിൽ തങ്ങളെ ജയിപ്പിച്ചാൽ റോഡ് നിർമ്മിച്ചു നൽകുമെന്ന് പ്രഖ്യാപിച്ച് സിപിഎമ്മും വോട്ടു നേടി വിജയിച്ചു.
പഞ്ചായത്ത് ഭരിക്കുന്നത് സി പി എം ആയിട്ടും റോഡ് നിർമ്മിച്ചു നൽകുമെന്ന വാഗ്ദാനം പാലിക്കാൻ അവർക്കായിട്ടില്ല.
പ്രളയത്തിന് മുൻപ് 3 മീറ്റർ വീതിയിൽ ഇവിടെ വഴിയുണ്ടായിരുന്നു. ഇപ്പോൾ നടന്നു പോകുവാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ് . പ്രായമായവർക്ക് ഉൾപ്പെടെ അസുഖങ്ങൾ ബാധിച്ചാൽ ചുമന്ന് കൊണ്ടു പോകേണ്ട അവസ്ഥയാണ് നിലനിൽക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
റോഡ് നിർമ്മിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് കുട്ടനാട് എം എൽ എ , ആലപ്പുഴ എം പി എന്നിവർ അടക്കമുള്ളവർക്ക് നിവേദനങ്ങൾ നൽകി നാട്ടുകാർ കാത്തിരിക്കുകയാണ്.