കൊച്ചി: സ്വർണക്കടത്ത് കേസ് ഒത്തുതീർപ്പാക്കാൻ ഇടനിലക്കാരനായി തന്നെ വന്നു കണ്ടുവെന്ന സ്വപ്ന സുരേഷിന്റെ ആരോപണം പച്ചക്കള്ളമാണെന്ന് വിജേഷ് പിള്ള.
താൻ സ്വപ്നയെ കണ്ടു എന്നത് സത്യമാണ്. എന്നാൽ ബിസിനസ് സംബന്ധമായ ഒരു കാര്യം ചർച്ച ചെയ്യാനാണ് അവരെ കണ്ടതെന്നും വിജേഷ് പിള്ള വ്യക്തമാക്കി.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തിട്ടില്ലെന്നും വിജേഷ് വെളിപ്പെടുത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒടിടി പ്ലാറ്റ്ഫോമിലെ ഒരു വെബ് സീരീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനാണ് സ്വപ്നയെ കണ്ടത്. സിപിഎം എന്നല്ല ഒരു പാർട്ടിയിലും താൻ അംഗമല്ല. എംവി ഗോവിന്ദൻ നാട്ടുകാരനാണ്. എന്നാൽ അദ്ദേഹത്തെ ടിവിയിൽ മാത്രമാണ് കണ്ടുപരിചയമെന്നും വിജേഷ് പറയുന്നു.
സ്വപ്നയെ കണ്ട് ഒത്തുതീർപ്പിന് ശ്രമിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. 30 കോടി രൂപ വാഗ്ദാനം ചെയ്തിട്ടില്ല. വെബ് സീരീസ് വരുമാനത്തിന്റെ 30 ശതമാനം നൽകാമെന്ന് പറഞ്ഞു. പുറത്തു വന്നത് കഴിഞ്ഞ ദിവസം നടത്തിയ ചർച്ചകളുടെ ചിത്രങ്ങളാണെന്നും വിജേഷ് പറയുന്നു.
എംവി ഗോവിന്ദൻ നാട്ടുകാരനാണെന്ന് സംസാരത്തിനിടെ പരാമർശിച്ചു. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും താൻ സംസാരിച്ചിട്ടില്ല. കുട്ടികളുമായി എത്തിയ സ്വപ്നയെ എങ്ങനെയാണ് തനിക്ക് ഭീഷണിപ്പെടുത്താൻ സാധിക്കുകയെന്നും വിജേഷ് ചോദിച്ചു.
ബംഗളൂരുവിലെ ഓഫീസിൽ വന്നാണ് സ്വപ്ന കണ്ടത്. അവിടെ വച്ചാണ് തങ്ങൾ സംസാരിച്ചത്. ഇപ്പറഞ്ഞതിലൊന്നും ഒരു വാസ്തവവുമില്ല. സ്വപ്ന പറഞ്ഞ പാർട്ടികളെയൊന്നും തനിക്കറിയില്ല. മീഡിയയിലും പത്രത്തിലുമൊക്കെയേ സ്വപ്ന പറയുന്ന ആളുകളെ താൻ കണ്ടിട്ടുള്ളു. തെളിവുകൾ ഉണ്ടെങ്കിൽ അവർ പുറത്തുവിടട്ടെ. ഭവിഷ്യത്തുകൾ നേരിടാൻ ഒരുക്കമാണെന്നും വിജേഷ് പറഞ്ഞു.
അതിനിടെ സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിജേഷ് പിള്ളയെ ചോദ്യം ചെയ്തു. 15 മണിക്കൂറോളം ഇഡി ഇയാളെ ചോദ്യം ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
ഇന്നലെയാണ് തന്നെ ഇഡി വിളിപ്പിച്ചതെന്ന് വിജേഷ് പറഞ്ഞു. കാര്യങ്ങളെല്ലാം താൻ ഇഡിയോട് പറഞ്ഞതായും വിജേഷ് വ്യക്തമാക്കി.