അടൂർ : പത്തനംതിട്ട കിഴവള്ളൂരിൽ കെ.എസ്.ആർ.ടി.സി ബസ് സൈലോയിൽ ഇടിച്ച് അപകടത്തിൽ നിയന്ത്രണം നഷ്ടമായ ബസ് പള്ളിയുടെ ആർച്ച് തകർത്തു. അപകടത്തിൽ യാത്രക്കാർക്ക് നിസാര പരിക്കേറ്റു. പുനലൂർ മൂവാറ്റുപുഴ ദേശീയ പാതയിൽ പത്തനംതിട്ട കോന്നി റുട്ടിൽ കുമ്പഴ കിഴവള്ളൂർ ഓർത്തഡോക്സ് പള്ളിയ്ക്ക് മുന്നിലായിരുന്നു അപകടം.
പത്തനാപുരം ഡിപ്പോയിലെ ബസ് എതിർ ദിശയിൽ നിന്നും എത്തിയ സൈലോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ നിയന്ത്രണം നഷ്ടമായി. തുടർന്ന് ബസ് റോഡിൽ നിന്ന് നിരങ്ങി മാറി കിഴവള്ളൂർ ഓർത്തഡോക്സ് പള്ളിയുടെ ആർച്ച് തകർക്കുകയായിരുന്നു. പത്തനംതിട്ടയിൽ നിന്ന് തിരുവനന്തപുരത്തിന് പോകുകയായിരുന്നു കെ.എസ്.ആർ.ടി.സി ബസ് . എന്നാൽ , വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ഉണ്ടായ അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.