കോട്ടയം: സംസ്ഥാനത്തെ രണ്ടാമത്തെ നർക്കോട്ടിക് കാപ്പ ചുമത്തി പ്രതിയെ അകത്തിട്ട് കോട്ടയം വെസ്റ്റ് പൊലീസ്. കോട്ടയം കാരാപ്പുഴ കൊച്ചുപറമ്പിൽ ബാജുഷാ ഷാഹുലിനെയാണ് (26) കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.ആർ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിൽ എടുത്ത് ജയിലിൽ അടച്ചത്. ലഹരിമരുന്ന് കേസിലെ പ്രതികൾക്കെതിരെ നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ബാദുഷയ്ക്കെതിരെ നർക്കോട്ടിക് കാപ്പ ചുമത്തിയിരിക്കുന്നത്. ഇതോടെ ഇനി രണ്ടു വർഷം ആകാശം കാണാതെ ബാദുഷാ പൂജപ്പുര സെൻട്രൽ ജയിലിൽ കിടക്കും.
ചെറു പ്രായം മുതൽ തന്നെ നിരവധി കഞ്ചാവ് മോഷണക്കേസുകളിൽ പ്രതിയാണ് ബാദുഷ. തുടർന്ന് ജില്ലയിലെ ഗുണ്ടാ മാഫിയ സംഘങ്ങളുമായി സജീവമായ ബന്ധം സ്ഥാപിച്ച ബാദുഷ കഞ്ചാവും നർക്കോട്ടിക് സംഘങ്ങളുമായി ബന്ധം സ്ഥാപിക്കുകയുമായിരുന്നു. തുടർന്നാണ് ഇയാൾ ജില്ലയിലെ കച്ചവടം സജീവമാക്കി മാറ്റിയത്. ഇതോടെ ഇയാൾ പൊലീസിനും തലവേദനയായി മാറി. ഇതോടെയാണ് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നിർദേശ പ്രകാരം ഡിവൈഎസ്പി കെ.ജി അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയ്ക്കായി അന്വേഷണം ആരംഭിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്നാണ്, സംസ്ഥാന സർക്കാർ ലഹരി മാഫിയ സംഘങ്ങൾക്കെതിരായ നിലപാട് ശക്തമാക്കുന്നതിന്റെ ഭാഗമായി നർക്കോട്ടിക് കേസ് പ്രതികൾക്കെതിരെ കാപ്പ ചുമത്താനുള്ള നടപടികൾ ആരംഭിച്ചത്. തൃശൂർ പൊലീസ് നിരന്തര ലഹരിക്കുറ്റവാളിയായ പ്രതിയ്ക്കെതിരെ നർക്കോട്ടിക് കാപ്പ ചുമത്തുകയും രണ്ടു വർഷം കരുതൽ തടങ്കലിൽ അടയ്ക്കുകയും ചെയ്തു. ഇതേ നിലപാട് തന്നെയാണ് ഇപ്പോൾ കോട്ടയം വെസ്റ്റ് പൊലീസും സ്വീകരിച്ചിരിക്കുന്നത്.
കഞ്ചാവും ലഹരി മരുന്നും കോട്ടയം ജില്ലയിൽ വിൽപ്പന നടത്തിയിരുന്ന ബാദുഷായെ കോട്ടയം വെസ്റ്റ് എസ്ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ ബുധനാഴ്ച പുലർച്ചെയാണ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് നർക്കോട്ടിക് കാപ്പ ചുമത്തി രണ്ടു വർഷം കരുതൽ തടങ്കലിനായി പൂജപ്പുര സെൻട്രൽ ജയിലിലേയ്ക്ക് അയക്കുകയായിരുന്നു.