പനച്ചിക്കാട് : 46.23 കോടി രൂപ വരവും 44.16 കോടി രൂപ ചിലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് പ്രഖ്യാപനങ്ങളുമായി പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് . കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചേരുന്നതും ചാന്നാനിക്കാട് , പൂവൻ തുരുത്ത് കരകളെ തമ്മിൽ ബന്ധിപ്പിക്കുന്നതുമായ കണ്ണംകുളം – കണിയാംമല റോഡ് പഞ്ചായത്തിന്റെ മോഡൽ റോഡാക്കി മാറ്റും. പഞ്ചായത്തിന്റെ വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ വാഗ്ദാനം ചെയ്ത 25 ലക്ഷം രൂപ ഇതിനായി പ്രയോജനപ്പെടുത്തും.
ഗ്രാമ പഞ്ചായത്ത് 10 ലക്ഷം രൂപ ബഡ്ജറ്റിലും നീക്കിവച്ചു. പാത്താമുട്ടം, വെള്ളൂത്തുരുത്തി , പരുത്തുംപാറ, കുഴിമറ്റം ചാന്നാനിക്കാട് എന്നീ പ്രദേശങ്ങളിൽ നിന്നും കോട്ടയം നഗരത്തിലേക്ക് എളുപ്പമെത്താവുന്ന പഞ്ചായത്തിലെ പ്രധാന പ്പെട്ട ഒരു റോഡാണ് ഇത് . പ്രകൃതി രമണീയമായ പടിയറക്കടവിന്റെ സൗന്ദര്യവൽക്കരണത്തിനും ഗ്രാമീണ കർഷകരുടെ ഉൽപ്പന്നങ്ങളുടെ വിപണനത്തിനുമുള്ള നാട്ടു ചന്ത ആരംഭിക്കുന്നതിനുമായി 25 ലക്ഷം രൂപ ബഡ്ജറ്റിൽ ഉൾപ്പെടുത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനായി പടിയറക്കടവിലെ പി ഡബ്യു ഡി റോഡ്പുറംപോക്ക് വിട്ടു കിട്ടുന്നതിനുള്ള അനുവാദം വാങ്ങി പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കും. നെൽകൃഷി മേഖലയിൽ 85 ലക്ഷം രൂപ ചിലവഴിച്ച് തരിശ് രഹിത പഞ്ചായത്ത് ആക്കും. കൊല്ലാട് മിനി സ്റ്റേഡിയം നവീകരിക്കുന്നതിന് 10 ലക്ഷം, പനച്ചിക്കാട് മേഖലയിൽ കളിസ്ഥലത്തിനായി സ്ഥലം വാങ്ങുന്നതിന് 50 ലക്ഷം , ക്ഷീരകർഷകർക്ക് ചോളക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 5 ലക്ഷം, പഞ്ചായത്താഫീസിനു മുൻപിലുള്ള ശോച്യാവസ്ഥയിലായ നിലവിലെ ഷോപ്പിങ്ങ് കോംപ്ലക്സ് പൊളിച്ചു മാറ്റി പുതിയത് നിർമ്മിക്കുന്നതിന്റെ ആദ്യ ഘട്ടമായി ഒരു കോടി രൂപയും നീക്കിവച്ചു. കൂടാതെ പഞ്ചായത്താഫീസ് അങ്കണത്തിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ സ്ഥാപിച്ച് സ്മൃതി മണ്ഡപം ഒരുക്കുന്നതിന് 5 ലക്ഷം രൂപ ബഡ്ജറ്റിൽ ഉൾപ്പെടുത്തി. പ്രസിഡന്റ് ആനി മാമ്മന്റെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് റോയി മാത്യു ബഡ്ജറ്റ് അവതരിപ്പിച്ചു.