പത്തനംതിട്ട : സാമ്പത്തിക ഇടപാട് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയതിലുള്ള വിരോധത്താൽ മർദ്ദിക്കുകയും സോഡാക്കുപ്പിക്കൊണ്ട് അടിച്ച് മൂക്കിന്റെ പാലത്തിന് പൊട്ടലുണ്ടാകും വിധം പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. കോയിപ്രം പുല്ലാട് കാലായിൽ പടിഞ്ഞാറെതിൽ ട്യൂട്ടർ എന്ന് വിളിക്കുന്ന അരീഷ് കെ രാജപ്പൻ (37), കോയിപ്രം കുറവൻകുഴി പാറയിൽ പുരയിടം വീട്ടിൽ കുഞ്ഞാലി എന്ന് വിളിക്കുന്ന അനിൽ കുമാർ (45) എന്നിവരാണ് ആദ്യ കേസിൽ പിടിയിലായത്. മത്സ്യക്കച്ചവടക്കാരനായ പുറമറ്റം ഉമിക്കുന്നുമല തോപ്പിൽ വീട്ടിൽ മത്തായി വർഗീസിന്റെ മകൻ ജോജി എന്ന് വിളിക്കുന്ന ജോജി വർഗീസി(56)നാണ് ഈമാസം 13 ന് രാത്രി 10 മണിക്ക് പുല്ലാട് വച്ച് മർദ്ദനമേറ്റത് .
കച്ചവടം കഴിഞ്ഞ് ബാക്കിവന്ന മത്സ്യം പുല്ലാട് ചന്തയിലെ ഫ്രീസറിൽ സൂക്ഷിക്കാൻ എത്തിയപ്പോൾ ബുള്ളറ്റ് മോട്ടോർ സൈക്കിളിൽ വന്ന പ്രതികൾ മർദ്ദിക്കുകയും കാലി സോഡാക്കുപ്പി കൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. ഇന്നലെ ജോജി സ്റ്റേഷനിലെത്തി മൊഴികൊടുത്തപ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോയിപ്രം എസ് ഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രി തന്നെ പ്രതികളെ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതിയുടെ ഭാര്യ പത്തനംതിട്ട ജെ എഫ് എം രണ്ട് കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോയിപ്രം പോലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിൽ ജോജി വർഗീസ് പ്രതിയാണ്. അരീഷിനെ കഠിന ദേഹോപദ്രവം ഏൽപ്പിച്ചു എന്നതാണ് കേസ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, അരീഷ് കോയിപ്രം പോലീസ് 2022, 2021 വർഷങ്ങളിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ മുമ്പ് പ്രതിയായിട്ടുണ്ട്. ഇപ്പോഴത്തെ കേസിൽ പ്രതികൾ സഞ്ചരിച്ച മോട്ടോർ സൈക്കിൾ കണ്ടെത്തേണ്ടതുണ്ട്. ഈ കേസിൽ പരിക്കേറ്റ ജോജി വർഗീസ് പ്രതിയായ രണ്ടാമത്തെ കേസിൽ അരീഷ് കെ രാജപ്പന്റെ ഭാര്യ രജനി (35) യാണ് വാദി. തന്റെ കച്ചവടത്തിൽ ഇടിവുണ്ടായി എന്നാരോപിച്ച് ജോജി, മീൻ വെട്ടാൻ ഉപയോഗിക്കുന്ന കത്തികൊണ്ട് തന്റെ ഭർത്താവിനെ വെട്ടി കൈക്ക് പരിക്കും വിരലുകൾക്ക് പൊട്ടലുമുണ്ടായി എന്ന രജനിയുടെ പരാതിയിലെടുത്ത കേസിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഈ കേസിലെ രണ്ടാം പ്രതി അരീഷിന്റെ മുഖത്ത് കൈകൊണ്ടിടിച്ച് പരിക്കേൽപ്പിച്ചതായും തള്ളി താഴെയിട്ട് മർദ്ദിച്ചതായും മൊഴിയിൽ പറയുന്നു.
പോലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാറിന്റെ മേൽനോട്ടത്തിലാണ് കേസുകളുടെ അന്വേഷണം നടക്കുന്നത്. അരീഷ് പ്രതിയായ കേസിന്റെ കൗണ്ടർ കേസ് ആയാണ്, ഇയാളുടെ ഭാര്യ കോടതിയിൽ സമർപ്പിച്ച പരാതി പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ജോജിയെയും മറ്റൊരാളെയും പ്രതികളാക്കി അന്വേഷണം നടത്തുന്നത്. ജോജിയെയും ഇന്നലെ രാത്രി തന്നെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടാം പ്രതിക്കായുള്ള അന്വേഷണം തുടരുകയാണ്. പ്രതിയുടെ കുറ്റസമ്മതത്തെ തുടർന്ന് സംഭവസ്ഥലത്തുനിന്നും കത്തി പോലീസ് കണ്ടെടുത്തു. എസ് ഐ സുരേഷ് കുമാറിനാണ് രണ്ട് കേസുകളുടെയും അന്വേഷണച്ചുമതല.