കോട്ടയം : പുരാവേശത്തിലേയ്ക്കൊഴുകിയിറങ്ങി തിരുനക്കര ! തിരുനക്കര മഹാദേവന്റെ തിരുമുമ്പിൽ കൊമ്പന്മാർ അണിനിരക്കാനായി അവസാനവട്ട ഒരുക്കത്തിലാണ്. തിരുനക്കരയിൽ പൂരത്തിനായി പുരുഷാരം ഒഴുകിയെത്തുക കൂടി ചെയ്യുന്നതോടെ, മഹാദേവന്റെ മണ്ണ് അക്ഷരാർത്ഥത്തിൽ പൂരാവേശത്തിൽ ആയിത്തീരും. വൈകിട്ട് നാലുമണിയോടുകൂടി തന്നെ തിരുനക്കര മഹാദേവന്റെ മുന്നിൽ പൂരത്തിനുള്ള കേളികൊട്ട് ഉയരും. നാലരയോടുകൂടി തന്നെ കൊമ്പന്മാർ മൈതാനത്തേക്ക് ഇറങ്ങിത്തുടങ്ങും. രാവിലെ മുതൽ തന്നെ ആനപ്രേമികളുടെ നേതൃത്വത്തിൽ കൊമ്പന്മാർക്ക് ഭക്ഷണത്തിനും വെള്ളത്തിനും വേണ്ട ക്രമീകരണങ്ങൾ മൈതാനത്ത് ഒരുക്കിയിട്ടുണ്ട്.
കിഴക്കൻ ചേരുവാരത്ത് ഗജരാജൻ ഭാരത് വിനോദ് നെറ്റിപ്പട്ടമണിഞ്ഞ് തിടമ്പേന്തി തലയെടുപ്പോട് കൂടി നിൽക്കുമ്പോൾ , പടിഞ്ഞാറൻ ചേരുവാരത്ത് പാമ്പാടി രാജനാണ് ഭഗവാന്റെ പൊൻതിടമ്പേറ്റുക. മൈതാനത്ത് ഇരുഭാഗത്തേയും വേലി കെട്ടി തിരിച്ച്, ആനകൾക്ക് വേണ്ട സുരക്ഷ ഇതിനോടകം തന്നെ ഒരുക്കിയിട്ടുണ്ട്. തിങ്ങി നിറഞ്ഞ പതിനായിരങ്ങൾക്കിടയിലൂടെ ആകും കൊമ്പന്മാർ ഇരുവശത്തെയും അഭിവാദ്യം ചെയ്തുകൊണ്ട് എത്തി അണി നിരക്കുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുനക്കര മഹാദേവന്റെ പൂരത്തിന് മുന്നോടിയായി , ക്ഷേത്ര മൈതാനത്തേക്ക് രാവിലെ തന്നെ ചെറുപൂരങ്ങൾ എത്തിച്ചേർന്നിരുന്നു.
10 ക്ഷേത്രങ്ങളിൽ നിന്നാണ് ചെറുപൂരങ്ങൾ ക്ഷേത്ര മൈതാനത്തേയ്ക്ക് എത്തിയത്. വെയിലേറും മുൻപ് തന്നെ ചെറു പൂരങ്ങൾ ക്ഷേത്രത്തിലേയ്ക്ക് എത്തിയിരുന്നു. ഇനി ഏതാനും നിമിഷങ്ങൾ കൂടി കാത്തിരുന്നാൽ പൂരം തിരുനക്കരയുടെ മണ്ണിൽ പിറക്കും.