സത്യഗ്രഹ സ്മരണയിൽ നിന്നു രൂപപ്പെടുന്ന നവോത്ഥാന മൂല്യങ്ങൾ വരും തലമുറകൾക്ക് കൈമാറുക; വൈക്കം സത്യഗ്രഹ ശതാബ്ദി: ഏപ്രിൽ 1ന് കേരള, തമിഴ്നാട് മുഖ്യമന്ത്രിമാർ ഉദ്ഘാടനം ചെയ്യും

വൈക്കം :സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 1ന് വൈക്കത്തു നടക്കുമെന്ന് സാംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയാനും സഹകരണ – രജിസ്ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവനും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Advertisements

കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിനും ചേർന്ന് ആഘോഷചടങ്ങുകളുടെ ഉദ്ഘാടനം നിർവ്വഹിക്കും. നൂറു വർഷം തികയുന്ന വൈക്കം സത്യഗ്രഹത്തിന്റെ ഓർമ്മപുതുക്കൽ സംസ്ഥാന സർക്കാർ 603 ദിവസങ്ങളിലായി വിപുലവും വ്യത്യസ്തവുമായ പ്രചരണ പരിപാടികളോടെയാണ് സംഘടിപ്പിക്കുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈക്കം മഹാദേവ ക്ഷേത്രത്തിലേക്കുള്ള നാലു പൊതുവഴികളിൽ അയിത്ത ജാതിക്കാരെന്നു മുദ്രകുത്തിയവർക്ക് പ്രവേശനം നിഷേധിച്ചതിനെതിരെയായിരുന്നു 1924 മാർച്ച് 30 മുതൽ 1925 നവംബർ 23 വരെ 603 ദിവസങ്ങളിലായി സമരം നടന്നത്.
സത്യഗ്രഹ സ്മരണയിൽ നിന്നു രൂപപ്പെടുന്ന നവോത്ഥാന മൂല്യങ്ങൾ വരും തലമുറകൾക്ക് കൈമാറുക എന്നതാണ് ശതാബ്ദി ആഘോഷ സന്ദേശം.

ദേശീയ സ്വാതന്ത്ര്യസമരത്തിനുതന്നെ ഊർജ്ജം പകർന്ന സമരമായിരുന്നു വൈക്കത്ത് നടന്നത്. സഞ്ചാരസ്വാതന്ത്ര്യം, പൗരാവകാശം എന്നീ അടിസ്ഥാന ആവശ്യങ്ങൾ നേടുന്നതിനും അയിത്താചാരണം, അനാചാരങ്ങൾ, ജാതീയത എന്നിവ നിരാകരിക്കുന്നതിനുമുള്ള ആഹ്വാനമായിരുന്നു സമരത്തിൽ ഉയർന്നു കേട്ടത്. വൈക്കം സത്യഗ്രഹ സമരത്തിന്റെ സന്ദേശം ആധുനിക കാലത്തും പ്രസക്തമാണ്. വർഗ്ഗീയ തീവ്രവാദവും പൗരസ്വാതന്ത്ര്യ നിഷേധവും വിഭാഗീയതയും ജനാധിപത്യവിരുദ്ധതയും പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ വൈക്കം സത്യഗ്രഹ സന്ദേശം വരും തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ടതുണ്ട്.

ഏപ്രില്‍ ഒന്നിന് വൈകിട്ട് 3ന് വൈക്കത്ത് നടക്കുന്ന ഉദ്ഘാടനചടങ്ങ് വൈക്കം പെരിയാര്‍ സ്മാരകത്തില്‍ ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ നടത്തുന്ന പുഷ്പാര്‍ച്ചനയ്ക്ക് ശേഷമാണു ആരംഭിക്കുക. പെരിയാര്‍, ടി.കെ മാധവന്‍, മന്നത്ത് പദ്മനാഭന്‍ എന്നിവരുടെ സ്മൃതി മണ്ഡപങ്ങളോടൊപ്പം കുഞ്ഞാപ്പി, ബാഹുലേയന്‍, ഗോവിന്ദപ്പണിക്കര്‍ തുടങ്ങിയ സത്യഗ്രഹികളുടെ പ്രത്യേകം തയ്യാറാക്കിയ സ്മൃതിമണ്ഡപങ്ങളിലും പുഷ്പാര്‍ച്ചന മുഖ്യമന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തും.

സഹകരണവകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ അദ്ധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന ചടങ്ങിന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ സ്വാഗതം ആശംസിക്കും. ശതാബ്ദി ആഘോഷ രൂപരേഖ ചീഫ് സെക്രട്ടറി ഡോ.വി.പി ജോയ് അവതരിപ്പിക്കും. ശതാബ്ദിയുടെ ലോഗോ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ വൈക്കം എം.എല്‍.എ സി.കെ ആശയ്ക്ക് നല്‍കി നിര്‍വഹിക്കും.

വൈക്കം സത്യഗ്രഹ കൈപ്പുസ്തകം മുഖ്യമന്ത്രി പിണറായി വിജയന്‍ തോമസ് ചാഴിക്കാടന്‍ എം.പി ക്ക് കൈമാറി നിര്‍വഹിക്കും. മന്ത്രിമാരായ കെ. രാധാകൃഷ്ണന്‍, കെ. രാജന്‍, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ചീഫ് വിപ്പ് ഡോ.എന്‍ ജയരാജ്‌, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദന്‍, ജോസ് കെ. മാണി എം.പി, ബിനോയ്‌ വിശ്വം എം.പി, ടി ആര്‍ ബാലു എം.പി, എസ്.എൻ.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍,മുന്‍ എം.പി കെ. സോമപ്രസാദ്, കേരള നവോത്ഥാന സമിതി ജനറല്‍ സെക്രട്ടറി പി. രാമഭദ്രന്‍ എന്നിവര്‍ വിശിഷ്ട അതിഥികളായി പങ്കെടുക്കും.

എം.എൽ എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മാണി സി.കാപ്പൻ, ജോബ് മൈക്കിള്‍, അഡ്വ. മോന്‍സ് ജോസഫ്, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു, എസ്.പി.സി.എസ്. പ്രസിഡന്റ് അഡ്വ. പി.കെ ഹരികുമാര്‍, വൈക്കം നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാം, വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു ഷാജി എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ജില്ലാ കളക്ടര്‍ ഡോ. പി.കെ.ജയശ്രീ , സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ എസ്. സുബ്രഹ്‌മണ്യം എന്നിവര്‍ സന്നിഹിതരാകും.

സാംസ്കാരിക വകുപ്പ്‌ സെക്രട്ടറി മിനി ആന്റണി കൃതജ്ഞത അറിയിക്കും.
വൈക്കം സത്യഗ്രഹ സ്മരണകൾ മുൻനിർത്തിയുള്ള 603 ദിവസം നീണ്ടുനില്ക്കുന്ന പ്രചാരണപരിപാടികൾ വിവിധ സർക്കാർ വകുപ്പുകൾ സംയുക്തമായി സംഘടിപ്പിക്കും. സത്യഗ്രഹത്തിന്റെ ചരിത്രവഴികൾ പിൻപറ്റുന്ന സെമിനാറുകൾ, സത്യഗ്രഹ നേതാക്കളെക്കുറിച്ചുള്ള അനുസ്മരണ പരമ്പര, വൈക്കത്തുനിന്നും തിരുവനന്തപുരത്തേക്ക് നടന്ന സവർണ്ണ ജാഥയുടെ പുനരാവിഷ്ക്കാരം, മഹാത്മാഗാന്ധിയുടെയും ശ്രീനാരായണ ഗുരുവിന്റെയും വൈക്കം സന്ദർശനം സംബന്ധിച്ച ഓര്‍മ്മ പുതുക്കൽ, പൗരാവകാശങ്ങൾ ആചാരങ്ങൾ തുടങ്ങിയവ മുൻനിർത്തിയുള്ള സംവാദങ്ങൾ, നവോത്ഥാന സംവാദങ്ങൾ, നവോത്ഥാന നായകരുടെ സ്മൃതിമണ്ഡപങ്ങളിൽ നിന്നുള്ള സത്യാഗ്രഹ സ്മാരക പദയാത്ര, വിളംബര ജാഥകൾ, ചിത്ര, ശില്പ, സിനിമാ പ്രദർശനങ്ങൾ, പുസ്തക പ്രദർശനം, കലാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ബോധവത്ക്കരണ ക്ലാസ്സുകൾ തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്.

വൈക്കം സത്യഗ്രഹ ശതാബ്ദിയാഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങും 603 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികളും വിജയിപ്പിക്കാന്‍ വിപുലമായ സംഘാടകസമിതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. മൂന്നു തലങ്ങളിലായാണ് വൈക്കം സത്യഗ്രഹ ശതാബ്ദിയാഘോഷങ്ങള്‍ നടക്കുക. സംസ്ഥാനതലത്തിലും, ജില്ലാതലങ്ങളിലും, നിയോജകമണ്ഡലതലങ്ങളിലും ഇക്കാലയളവില്‍ വൈവിധ്യമായ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കും. ഇതിനായി മൂന്നു തലങ്ങളിലും സംഘാടകസമിതികള്‍ രൂപീകരിച്ചിട്ടുണ്ട്.

വൈക്കത്ത് നടക്കുന്ന ശതാബ്ദിയാഘോഷങ്ങളുടെ ഉദ്ഘാടനപരിപാടികള്‍ വിജയിപ്പിക്കാനായുള്ള സംഘാടകസമിതിയുടെ രക്ഷാധികാരി മുഖ്യമന്ത്രി പിണറായി വിജയനാണ്. സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ചെയര്‍മാനും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെയര്‍മാന്‍ ജനറല്‍ കണ്‍വീനറുമാണ്. 603 ദിവസങ്ങളിലായി നടക്കുന്ന സംസ്ഥാനതല ആഘോഷപരിപാടികള്‍ക്കായുള്ള സംഘാടക സമിതിയുടെ ചെയര്‍മാന്‍ മുഖ്യമന്ത്രി പിണറായി വിജയനും വര്‍ക്കിംഗ് ചെയര്‍മാന്‍ സാംസ്‌കാരികവകുപ്പ് മന്ത്രി സജി ചെറിയാനുമാണ്. ജില്ലാതല സംഘാടകസമിതികളില്‍ അതത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍ ചെയര്‍മാന്‍ പദവിയും ജില്ലാ കളക്ടര്‍മാര്‍ ജനറല്‍ കണ്‍വീനര്‍ പദവിയും വഹിക്കും.

നിയോജകമണ്ഡലതല സമിതികളുടെ ചെയര്‍മാന്‍ ബന്ധപ്പെട്ട എം.എല്‍.എയും കണ്‍വീനര്‍ തഹസില്‍ദാറുമായിരിക്കും. സംഘാടക സമിതികളില്‍ മറ്റ് ജനപ്രതിനിധികള്‍, നവോത്ഥാന സമിതി ഭാരവാഹികള്‍, സമുദായ സംഘടനാ നേതാക്കന്മാര്‍, രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍, സാംസ്‌കാരിക നായകര്‍, കലാകാരന്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും അംഗങ്ങളായിരിക്കും.

സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ, സഹകരണ – രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ . വാസവൻ, സാംസ്കാരിക വകുപ്പു സെക്രട്ടറി മിനി ആന്റണി, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് , ആർഡിഒ പി.ജി. രാജേന്ദ്ര ബാബു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.