പത്തനംതിട്ട: രാജ്യവ്യാപകമായി കോവിഡ് കേസുകളിൽ വർധിച്ചതോടെ ജില്ലയിലും ജാഗ്രതാ നടപടികൾ. അടൂർ ജനറൽ ആശുപത്രിയിലും തിരുവല്ല താലൂക്ക് ആശുപത്രിയിലും തീവ്രപരിചരണ വിഭാഗങ്ങളിൽ പത്തുവീതം കിടക്കകൾ ഒഴിച്ചിട്ടു. കിടത്തി ചികിത്സ വേണ്ടുന്ന രോഗികളുടെ എണ്ണം വർധിച്ചാൽ കോന്നി മെഡിക്കൽ കോളജിലും കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കാത്ത് ലാബ് പ്രവർത്തിക്കുന്നതിനാൽ കോവിഡ് രോഗികൾക്ക് കിടത്തി ചികിത്സയില്ല.
കോവിഡ് കേസുകൾ ഉയരുന്നത് ഭീഷണി അല്ലെങ്കിലും ഏതു സാഹചര്യവും നേരിടാൻ ആരോഗ്യ വകുപ്പ് സജ്ജമാണെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതകുമാരി പറഞ്ഞു. വൈറസിന്റെ പുതിയ വകഭേദം മാരക രോഗശേഷിയുള്ളതല്ലെന്നാണ് നിഗമനം. ജില്ലയിൽ മൂന്ന് കോവിഡ് രോഗികൾ മാത്രമാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. അവരുടെ സ്ഥിതി ഗുരുതരമല്ല. അതേസമയം, ശരാശരി എട്ടു മുതൽ പത്തു വരെ രോഗികളുടെ വർധനയുണ്ട്.