കുറവിലങ്ങാട് : ഓശാന ഞായറിന്റെ പുണ്യദിനത്തിൽ, തമുക്കുനേര്‍ച്ചയുടെ 150-ാം വാര്‍ഷികത്തില്‍ പങ്കെടുക്കാനായി കുറവിലങ്ങാട് പള്ളിയിൽ ഭക്തജനങ്ങളുടെ നിറസാന്നിധ്യം. കളത്തൂര്‍ കരക്കാരുടെ കരുത്തിലും പ്രാര്‍ത്ഥനയുടെ ബലത്തിലും നടത്തുന്ന നേര്‍ച്ച ഒന്നര നൂറ്റാണ്ടിലെത്തിയെന്ന പ്രത്യേകതയോടെയാണ് ഇത്തവണ നേര്‍ച്ച നടന്നത്.
തമുക്കുനേര്‍ച്ചയുടെ നടത്തിപ്പുകാരായ കളത്തൂര്‍ കരക്കാര്‍ക്ക് അഭിനന്ദനവുമായി പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട് എത്തി തമുക്ക് നേർച്ചയുടെ വെഞ്ചരിപ്പകർമ്മം നടത്തിയത്, സന്തോഷം ഇരട്ടിപ്പിക്കുകയും ചെയ്തു. നിധീരിക്കൽ മാണികത്തനാരുടെ കാലത്ത് തുടങ്ങിവെച്ച, കുറവിലങ്ങാടിന്റെ പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും ശേഷിപ്പാണ് തമുക്കുനേര്ച്ചയെന്ന് നേര്‍ച്ച ആശീര്‍വദിച്ച് നല്കിയ സന്ദേശത്തില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ഏതു കാര്യവും തുടങ്ങുക എന്നതിനേക്കാള്‍ തുടരുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിന് കൂട്ടിയാനിയില്‍, സഹവികാരിമാരായ ഫാ. ജോസഫ് ആലാനിക്കല്‍, ഫാ. ഇമ്മാനുവല്‍ കാഞ്ഞിരത്തിങ്കല്‍, ഫാ. ജോര്‍ജ് വടയാറ്റുകുഴി, ഫാ. അഗസ്റ്റിന് മേച്ചേരില്‍ എന്നിവര്‍ സഹകാര്‍മികരായി. നാടിന്റെ നാനാഭാഗങ്ങളില്‍നിന്നുള്ള ആയിരങ്ങള്‍ പ്രാര്‍ത്ഥനാശുശ്രൂഷകളില്‍ പങ്കെടുത്തു. മുന്‍വര്‍ഷങ്ങളേക്കാള്‍ കൂടുതൽ വിശ്വാസികള്‍ ഇക്കുറി നേര്ച്ചവാങ്ങാന് എത്തിയിരുന്നു.
നേര്‍ച്ചക്കമ്മിറ്റി പ്രസിഡന്റ് ടി.കെ തോമസ് തെക്കുംവേലില്‍, സെക്രട്ടറി ബേബി തൊണ്ടാംകുഴി, ട്രഷറര്‍ ജസ്റ്റിന് കൊച്ചുമുടവനാല്‍, വൈസ്പ്രസിഡന്റ് ജോയി ചേലേക്കണ്ടം, ജോയിന്റ് സെക്രട്ടറി ബ്രൈസ് വെള്ളാരംകാലായില്‍, ഭാരവാഹികളായ സി.വി ബേബി ചാമക്കാലാ, ഇ.ജെ കുര്യന്, ടോമി പുത്തന്‍കുളം തുടങ്ങിയവര്‍ നേതൃത്വം നല്കി.
ആത്മ പരിശോധനയുടെയും ഹൃദയ നവീകരണത്തിന്റെയും വിശുദ്ധവാരാചരണത്തിന് ഓശാന തിരുനാള്‍ ആചരണത്തോടെ ഇടവകയിൽ തുടക്കമായി. ചെറിയപള്ളിയിൽ കുരുത്തോല വെഞ്ചരിപ്പ്, വലിയപള്ളിയിലേയ്ക്ക് കുരുത്തോല പ്രദക്ഷിണം, വിശുദ്ധകുര്‍ബാന ശുശ്രൂഷകളോടെ ഓശാന തിരുനാള്‍ ആചരിച്ചത്. ഓശാന ഞായർ തിരുക്കർമങ്ങൾക്ക് ആർച്ച്പ്രീസ്റ്റ് ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ കാർമികത്വം വഹിച്ചു. ഫാ. അഗസ്റ്റിൻ മേച്ചേരിൽ, ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തിങ്കൽ, ഫാ. ജോർജ് വടയാറ്റുകുഴി, ഫാ. ജോസഫ് ആലാനിക്കൽ, ഫാ. കുര്യാക്കോസ് ചെന്നേലിൽ, ഫാ. ജെസ്സിൻ കോച്ചേരി, ഫാ. ബിനോയ് കരിമരുംതുംങ്കൽ, ഡീക്കൻ ജോസ് പൊയ്യനിയിൽ എന്നിവർ സഹകാർമികരായി.
കുറവിലങ്ങാട് ഇടവകയിലെ വാർഷിക ധ്യാനം ഇന്ന് (തിങ്കൾ) തുടങ്ങും…
തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ വൈകുന്നേരം 5.00 ന് വിശുദ്ധ കുർബാനയോടെ വാർഷികധ്യാനം നടക്കും. തുടർന്ന് ആരാധന. ധ്യാനം നയിക്കുന്നത് ഫാ. ജോസഫ് മൈലപ്പറമ്പിൽ.
തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാവിലെ 9.00 മുതൽ ഉച്ച കഴിഞ്ഞ് 1.00 വരെയും വൈകുന്നേരം 3.00 മുതൽ 6.00 വരെയും ദേവാലയത്തിൽ കുമ്പസാരത്തിനുള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.