കോട്ടയം : മണിപ്പുഴ ജംഗ്ഷന് സമീപം ജ്യൂസ് കട നടത്തുന്ന വ്യാപാരിയെയും, സുഹൃത്തിനെയും ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടമ്പലം കളക്ടറേറ്റ് ഭാഗത്ത് വരുവില്ല വീട്ടിൽ വി.എം ദേവദാസ് മകൻ ഡോൺ ഡെന്‍സൺ (26), മുട്ടമ്പലം കളക്ടറേറ്റ് ഭാഗത്ത് കോഴിമല വീട്ടിൽ ജോസഫ് ചെറിയാൻ മകൻ ജെറിൻ ജോസഫ് (23) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ജ്യൂസ് കട നടത്തുന്ന നിധിൻ, സുഹൃത്തായ പ്രവീൺ എന്നിവരെയാണ് ഇവർ മർദ്ദിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 2:45 മണിയോടുകൂടിയായിരുന്നു കേസിനാസ്പദമായ സംഭവം. ജ്യൂസ് കടക്ക് സമീപം പ്രതികൾ മൂത്രമൊഴിച്ചതിനെ നിധിൻ ചോദ്യം ചെയ്തതിനെ തുടർന്ന് ഡോൺ ഡെൻസണും സുഹൃത്തുക്കളും ചേർന്ന് കടയിൽ കയറി നിധിനെയും, സുഹൃത്തിനെയും ചീത്ത വിളിക്കുകയും മർദ്ദിക്കുകയുമായിരുന്നു. കടയിലിരുന്ന കുപ്പി ഗ്ലാസ് കൊണ്ട് യുവാക്കൾ നിധിന്റെ തലയ്ക്ക് അടിക്കുകയും കഴുത്തിന് കുത്തുകയും ചെയ്തു .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തടയാൻ ശ്രമിച്ച നിധിന്റെ സുഹൃത്തിനെ മർദ്ദിക്കുകയും ചെയ്തു. ഇതിനുശേഷം ഇവർ കടയിലെ സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇരുവരെയും പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്. എച്ച്. ഓ ജിജു ടി.ആർ, എസ്.ഐ അലക്സ്, സി.പി.ഓ മാരായ പ്രകാശ് കെ.വി, സതീഷ് എസ്, സലമോൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.ഇരുവരെയും കോടതിയിൽ ഹാജരാക്കി. മറ്റ് പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയതായി പോലീസ് പറഞ്ഞു.