പി.പി പ്രബലൻ
കോട്ടയം: കോട്ടയത്തെ വെള്ളയും വെള്ളയുമിട്ട സാമൂഹിക പ്രവർത്തകനും പൊതുപ്രവർത്തകനുമായ മാന്യന് പണി വിവരാവകാശ പ്രവർത്തനമാണ്. ലക്ഷ്യം ശുദ്ധ സാമൂഹിക സേവനം. വിവരാവകാശ പോരാട്ടത്തിലൂടെ ജനത്തിന്റെ കയ്യടി വാങ്ങി മഞ്ഞ ഓൺലൈൻ മാധ്യമക്കണ്ണിൽ വാർത്ത വന്നു കഴിയുമ്പോൾ ടിയാന്റെ ശിങ്കിടികൾ ചർച്ചയ്ക്കിറങ്ങും. വിവരാവകാശവും പിന്നാലെ ഒത്തു തീർപ്പ് ചർച്ചകൾക്കുമായി മഞ്ഞക്കച്ചവടക്കാരന് ശിങ്കിടികൾ ഏറെയുണ്ട്. അത്തരമൊരു ഒത്തു തീർപ്പിന്റെ കഥ കോട്ടയത്തെ മൈൽക്കുറ്റികൾക്കിടയിൽ വരെ പാട്ടാണ്…! തന്നെക്കണ്ടാൽ കോട്ടയം എസ്പി പോലും കിടുകിട വിറയ്ക്കുമെന്നു വീമ്പിളക്കുന്ന വെള്ളക്കുപ്പായക്കാരൻ മാന്യൻ ആദ്യമായി നടത്തി വിജയിച്ച വിവരാവകാശക്കച്ചവടമാണ് കോട്ടയം നഗരമധ്യത്തിൽ നടന്നത്.
നഗരമധ്യത്തിലെ സ്വകാര്യ സ്ഥാപനത്തിന് എതിരെയായിരുന്നു ഇദ്ദേഹത്തിന്റെ വിവരാവകാശ പോരാട്ടം. ആദ്യം ഇദ്ദേഹം ഈ സ്ഥാപനത്തിന് എതിരെ കോട്ടയം നഗരസഭയിൽ നിരന്തരം വിവരാവകാശ അപേക്ഷ നൽകി. തുടർന്ന് ശുദ്ധ മഞ്ഞയായ ഓൺലൈനിൽ ‘പൊതുപ്രവർത്തകനായ’ തന്റെ പേരിൽ വാർത്തയും നൽകി. ടിയാന്റെ ധൈര്യമോർത്ത് നാട്ടുകാർ മൂക്കത്ത് വിരൽ വച്ചു.
പിന്നാലെ, സ്വന്തം വാട്‌സ് അപ്പ് ഗ്രൂപ്പ് വഴി അറിയിപ്പുമെത്തി – ആർക്കെങ്കിലും അഴിമതിക്കാരെപ്പറ്റി എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ഉടൻ തന്നെ എന്നെ ബന്ധപ്പെടുക.- വിജിലൻസിനെ ഞാനറിയിക്കും.. – പിന്നെയും നാട്ടുകാർ അമ്പരന്നു. ആരാധകർക്കായി വെള്ളക്കുപ്പായക്കാരൻ മാന്യൻ സ്വയമുണ്ടാക്കിയ ട്രോൾ , കോട്ടയത്തിന്റെ ട്രോൾ കൂട്ടായ്മ സംഘത്തിന് അയച്ചു നൽകി. പാവം, ട്രോൾ കൂട്ടായ്മക്കാർ വിശ്വസിച്ചു ടിയാൻ മാന്യനല്ലെ, അഴിമതി വിരുദ്ധനല്ലേ… നാടിന്റെ നന്മയ്ക്കല്ലേ.. സഹായിച്ചേക്കാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത് തന്നെയായിരുന്നു മുകളിലേയ്ക്കു കയറി കരിക്ക് നോക്കി പറിക്കാൻ ടിയാനുള്ള തളപ്പും. പിന്നെ, സംസ്ഥാന വിജിലൻസിന്റെ പേരിൽ കോട്ടയം കണ്ടത് വമ്പൻ പിരിവായിരുന്നു. ഒടുവിൽ നഗരത്തിലെ പ്രമുഖ സ്ഥാപനത്തിനെതിരെ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകുകയും, മഞ്ഞ പത്രത്തിൽ വാർത്ത നൽകുകയും ചെയ്തു. പിന്നാലെ മധ്യസ്ഥൻ സ്ഥാപനത്തിൽ എത്തി. ഒത്തു തീർപ്പിന് സ്ഥാപനം തയ്യാറാകാതെ വന്നതോടെ ഹൈക്കോടതിയിൽ സ്വന്തം ചിലവിൽ ഇരിക്കുന്ന വക്കിലിനെ സമീപിച്ച് സ്ഥാപനത്തിന് എതിരെ കേസ് നൽകി.
ഇതോടെ സ്ഥാപനം ഒത്തു തീർപ്പിന് വഴങ്ങി. പിന്നാലെ, ഓൺലൈൻ മഞ്ഞക്കണ്ണിൽ വാർത്തയെഴുത്ത് പെട്ടന്ന് നിന്നു. സ്ഥാപന ഉടമ വിശുദ്ധനായി. എല്ലാം പറഞ്ഞ് കോപ്ലിമെന്റായി. കാശ് എത്രവാങ്ങിയെന്നത് കമ്പനിയ്ക്കു മാത്രം അറിയുന്നു കണക്കുകൾ. അതെ വിവരാവകാശം വഴി കിട്ടുന്ന വിവരം പുറത്തു വിട്ടും വിടാതെയും ഭീഷണിപ്പെടുത്തുന്നത് വിജയിച്ചതോടെ വീണ്ടും വീണ്ടും തട്ടിപ്പ് തുടർന്നു. വഴിയിൽ തുടലില്ലാതെ ഓടുന്ന പേപ്പട്ടി കടിച്ചാൽ നഷ്ടം ഈ വഴിയിൽ നിൽക്കുന്നവന് മാത്രമാണ്. പേപ്പട്ടിക്കെന്ത് നഷ്ടം, കടിക്കുമ്പോൾ കിട്ടുന്ന ഇറച്ചിക്കഷണം പോലും ലാഭം..!