കോട്ടയം: സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണത്തെ തുടർന്ന് കോട്ടയം കടുത്തുരുത്തി മാഞ്ഞൂരിൽ യുവതി ജീവനൊടുക്കിയതായി പരാതി. ഐഎഎസ് ഓഫിസറും മണിപ്പൂർ സബ് കളക്ടറുമായ ആഷിഷ് ദാസിന്റെ ഭാര്യ സഹോദരി കോട്ടയം കടുത്തുരുത്തി മാഞ്ഞൂർ വരകുകാലായിൽ വി.എം ആതിര(26)യാണ് ജീവനൊടുക്കിയത്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആതിരയുടെ സുഹൃത്തായിരുന്ന യുവാവിന്റെ സൈബർ ആക്രമണത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്നാണ് വിവരം.
ആതിരയും സുഹൃത്തും തമ്മിൽ നേരത്തെ ബന്ധമുണ്ടായിരുന്നു. എന്നാൽ, ഇടയ്ക്കു ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണു. ഇതേ തുടർന്ന് ആതിരയ്‌ക്കെതിരെ സുഹൃത്ത് സൈബർ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പരാതി. സൈബർ ആക്രമണം നിരന്തരം നടത്തുകയും, ഇരുവരും തമ്മിലുള്ള വ്യക്തിപരമായ ചാറ്റ് അടക്കമുള്ള വിവരങ്ങൾ പുറത്ത് വിടുകയുമായിരുന്നുവെന്നാണ് പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ആതിര പൊലീസിനെ സമീപിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, പൊലീസ് വിഷയത്തിൽ നിസംഗ നിലപാടാണ് സ്വീകരിച്ചതെന്നു ഒരു വിഭാഗം ആരോപിക്കുന്നു. വിഷയത്തിൽ ഐഎഎസ് ഓഫിസർ കൂടിയായ സഹോദരി ഭർത്താവ് ഇടപെട്ടിരുന്നു. തുടർന്ന് ഇദ്ദേഹം പൊലീസിനു നിർദേശം നൽകുകയും ചെയ്തു. എന്നിട്ടു പോലും പൊലീസ് നടപടിയെടുത്തില്ലെന്നു ബന്ധുക്കൾ ആരോപിക്കുന്നു. തുടർന്ന്, ഇന്നു രാവിലെ കുട്ടിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആതിരയുടെ സംസ്‌കാരം മേയ് രണ്ട് ചൊവ്വാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ നടക്കും.