കോട്ടയം നഗരത്തിലെ വ്യാപാരികളെ ഭീതിയിലാക്കി തട്ടിപ്പും തരികിടയും ഇപ്പോൾ കല്ലേറും..! എന്ത് വിശ്വസിച്ചിനി കടകൾ തുറക്കുമെന്ന ചോദ്യം ഉയർത്തി വ്യാപാരികൾ; പൊലീസിനും വ്യാപാരികളുടെ വിമർശനം

കോട്ടയം: പത്തു ദിവസത്തിനിടെ കോട്ടയം നഗരമധ്യത്തിലെ ഒരു സ്ഥാപനത്തിന് നേരെ തുടർച്ചയായ രണ്ടാം തവണയും കല്ലേറുണ്ടാകുക. കല്ലേറിൽ കടയുടെ ചില്ലുകൾ തകരുക. പ്രതിയുടെ സിസിടിവിയിലെ ചിത്രം സഹിതം പരാതി നൽകിയിട്ടും പ്രതിയെ കണ്ടെത്താനാവാതെ വരിക. കോട്ടയം നഗരത്തിലെ വ്യാപാരികളെ ഭീതിയിലാക്കാനുള്ള വാർത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോട്ടയം നഗരത്തിൽ നിന്നും കേൾക്കുന്നത്. കഴിഞ്ഞ ദിവസം നഗരമധ്യത്തിലെ ചിട്ടി സ്ഥാപനത്തിൽ നിന്നും 1.36 ലക്ഷം രൂപ തട്ടിയെടുത്തതിനു പിന്നാലെയാണ് ഇപ്പോൾ കടയ്ക്കു നേരെ കല്ലേറുണ്ടായിരിക്കുന്നത്.

Advertisements
കോട്ടയം നഗരത്തിലെ ചിട്ടി സ്ഥാപനത്തിൽ നിന്നും ഒന്നരലക്ഷത്തോളം രൂപ തട്ടിയ പ്രതി

കോട്ടയം നഗരമധ്യത്തിലെ മാക്‌സോണിക്‌സ് എന്ന സ്ഥാപനത്തിനു നേരെയാണ് തിങ്കളാഴ്ച അർദ്ധരാത്രിയ്ക്കു ശേഷം കല്ലേറുണ്ടായത്. കഴിഞ്ഞ 28 ന് ഈ സ്ഥാപനത്തിനു നേരെ പട്ടാപ്പകൽ കല്ലേറുണ്ടായിരുന്നു. ഈ കല്ലേറിൽ സ്ഥാപനത്തിന്റെ ചില്ല് പൂർണമായും തകർന്നിരുന്നു. ഈ സംഭവത്തിൽ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ സഹിതം പൊലീസിനു പരാതിയും നൽകിയിരുന്നു. എന്നാൽ, ഈ പരാതിയിലെ പ്രതിയെ കണ്ടെത്താൻ പൊലീസിനു സാധിച്ചിരുന്നില്ല. ഇതിനിടെയാണ് ഇപ്പോൾ വീണ്ടും ഇതേ സ്ഥാപനത്തിന് നേരെ തന്നെ രാത്രിയിൽ കല്ലേറുണ്ടായിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ ശനിയാഴ്ച കോട്ടയം നഗരമധ്യത്തിലെ ചിട്ടി സ്ഥാപനത്തിൽ നിന്നും 1.36 ലക്ഷം രൂപ മോഷ്ടാവ് കവർന്നിരുന്നു. ചിട്ടി സ്ഥാപനത്തിൽ സഹായം ചോദിച്ചെന്ന വ്യാജേനെ എത്തിയ മോഷ്ടാവാണ് കവർച്ച നടത്തിയത്. ഊമയാണെന്ന വ്യാജേനെ അഭിനയിച്ചെത്തിയ മോഷ്ടാവാണ് പണവും കവർന്ന് രക്ഷപെട്ടത്. ഇയാളുടെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളുടെ സിസിടിവിക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം ചുങ്കത്തും കുടയംപടിയിലും തട്ടിപ്പിന്റെ പുതിയ വകഭേദം അരങ്ങേറിയിരുന്നു. ചുങ്കത്ത് ഹോട്ടലിൽ എത്തി പൊറോട്ടയും ബീഫും ചോറും കറിയും എല്ലാം ഓർഡർ ചെയ്ത ശേഷം ഓട്ടം വിളിച്ചു നിർത്തിയ ഓട്ടോ ഡ്രൈവറുടെ പക്കൽ നിന്നും രണ്ടായിരം രൂപയും വാങ്ങിയാണ് സ്ഥലം വിട്ടത്. ഇത് കൂടാതെ കുടയംപടിയിലെ ഇറച്ചിക്കടയിൽ എത്തിയ തട്ടിപ്പുകാരൻ ഇവിടെ കിലോക്കണക്കിന് ഇറച്ചി ഓർഡർ ചെയ്ത ശേഷം കടയിൽ നിന്നും 750 രൂപയും വാങ്ങിയാണ് സ്ഥലം വിട്ടത്. തുടർന്നു സമീപത്തെ മീൻകടയിൽ കയറി 25 കിലോ മീൻ ഓർഡർ ചെയ്ത മോഷ്ടാവ് ഇവിടെ നിന്നും ആയിരം രൂപയും വാങ്ങിയാണ് സ്ഥലം വിട്ടത്.

ഇത്തരത്തിൽ കോട്ടയം നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു തട്ടിപ്പ് സംഘങ്ങൾ പ്രവർത്തനങ്ങൾ സജീവമാക്കിയതോടെ വ്യാപാരികളും ഭീതിയിലായിട്ടുണ്ട്. ഈ സാഹചര്യത്തിൽ വ്യാപാരികളും പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കോട്ടയം നഗരത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു. വ്യാപാരികൾക്ക് സ്വതന്ത്രമായി വ്യപാരം നടത്താനുള്ള സാഹചര്യം ഒരുക്കണമെന്ന ആവശ്യമാണ് വ്യാപാര സംഘടനകൾ ഉയർത്തുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.