കോട്ടയം: ജില്ലയിലെ ചെങ്കൽ ഖനനമേഖലകളിൽ മിന്നൽ പരിശോധനയുമായി വിജിലൻസ്. പരിശോധനയിൽ വൻ ക്രമക്കേടാണ് വിജിലൻസ് സംഘം കണ്ടെത്തിയത്. വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ, കിഴക്കൻമേഖല മുളക്കുളം, കടുത്തുരുത്തി, തലയോലപ്പറമ്പ്, മാഞ്ഞൂർ, വെള്ളൂർ തുടങ്ങിയ വില്ലേജുകൾ കേന്ദ്രീകരിച്ച് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയത്.
മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ അനുമതി ഇല്ലാതെ കോട്ടയം ജില്ലയിൽ അനധികൃത ചെങ്കൽ ക്വാറികൾ പ്രവർത്തിച്ചു വരുന്നുവെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്. കോട്ടയം ജില്ലയിലെ മുളക്കുളം, കടുത്തുരുത്തി, തലയോലപ്പറമ്പ്, മാഞ്ഞൂർ, വെള്ളൂർ തുടങ്ങിയ 9 ഇടങ്ങളിലായി നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപകമായി അനുമതിയില്ലാതെ ചെങ്കൽ ഖനനം ചെയ്യുന്നതായി കണ്ടെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ മിന്നൽ പരിശോധനയിൽ മുളക്കുളം വില്ലേജിൽ സോണി തോമസിന്റെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കറോളം വരുന്ന ക്വാറിയിൽ നിന്നും ഉപകരണങ്ങൾ പിടിച്ചെടുത്തു. ഈ ക്വാറിയിൽ നിന്നും ഒരു ജെസിബിയും രണ്ട് ട്രില്ലർ മിഷ്യനുകളും പിടിച്ചെടുത്തു. മാഞ്ഞൂർ പഞ്ചായത്തിൽ കല്ലറ കളമ്പുകാട്ട് സതീശന്റെ ഉടമസ്ഥയിലുള്ള ചെങ്കൽ ക്വാറിയിൽ നിന്നും ഒരു മിനി ലോറി, രണ്ട് ട്രില്ലർ മിഷ്യൻ ഒരു ഫിനിഷിംങ് മിഷ്യൻ എന്നിവ പിടിച്ചെടുത്തു.
കടുത്തുരുത്തി പഞ്ചായത്തിൽ കാപ്പം തലഭാഗത്ത് അലക്സ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള മിനി ലോറി, ട്രില്ലർ, ഫിനിഷിംങ് മിഷ്യൻ എന്നിവ വിജിലൻസ് സംഘം പിടിച്ചെടുത്തു. ഈ പരിശോധനയിൽ മൂന്നു ചെങ്കൽ ക്വാറികൾ ഖനനം തീർന്ന ശേഷം മണ്ണിട്ട് നികത്തിയതായി കണ്ടെത്തി. മൂന്നു ചെങ്കൽ ക്വാറികളിൽ ഖനനം നടക്കുന്നുണ്ടെങ്കിലും പരിശോധന സമയത്ത് ഇവിടെ ജോലികൾ നടക്കുന്നതായി കണ്ടെത്തിയിരുന്നില്ല.
മൈനിംഗ് & ജിയോളജി വകുപ്പിന്റെ അനുമതി ഇല്ലാതെ കോട്ടയം ജില്ലയിൽ അനധികൃത ചെങ്കൽ ക്വാറികൾ പ്രവർത്തിച്ചു വരുന്നുവെന്ന് രഹസ്യ വിവരത്തിന്മേൽ ബഹു. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ, വിജിലൻസ് കിഴക്കൻ മേഖല വിജിലൻസ് പോലീസ് സൂപ്രണ്ട് വി. ജി വിനോദ്കുമാറിന്റെ മേൽനോട്ടത്തിലാണ് പരിശോധന നടന്നത്. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ കോട്ടയം യൂണിറ്റ് ഡിവൈഎസ്പി വി. ആർ. രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് കോട്ടയം ജില്ലയിൽ അനധികൃതമായി പ്രവർത്തിച്ചുവരുന്ന വിവിധ ചെങ്കൽ ക്വാറികളിൽ മിന്നൽ പരിശോധന നടത്തിയത്.
വിവിധ സ്ഥലങ്ങളിലായി ഏകദേശം 15 ഏക്കറോളം സ്ഥലത്തുനിന്നും ഖനനം നടക്കുന്നതായും, ലക്ഷക്കണക്കിന് ചെങ്കല്ല് ഖനനം ചെയ്തിട്ടുള്ളതായും, റോയൽറ്റി ഇനത്തിൽ സർക്കാരിന് ലക്ഷക്കണക്കിന് രൂപ നഷ്ടം വന്നിട്ടുള്ളതായും ക്രമക്കേട് നടത്തിയവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതാ വിജിലൻസ് പോലീസ് സൂപ്രണ്ട് അറിയിച്ചു.