മാന്നാർ: ആലപ്പുഴ മാന്നാറിൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലെ സംഘർഷം നിയന്ത്രിക്കാനെത്തിയ എസ് ഐയെ തലയ്ക്കടിച്ച പ്രതികൾ പിടിയിൽ. മാന്നാർ കുട്ടമ്ബേരൂർ കരിയിൽ കിഴക്കേതിൽ ജയേഷ്(24), കരിപ്പുറത്ത് വീട്ടിൽ രോഹിത് ചന്ദ്രൻ (24), വിഷവർശ്ശേരിക്കര ആതിര ഭവനത്തിൽ അരുൺ(24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുട്ടംപേരൂർ കുന്നത്തൂർ ശ്രീദുർഗാ ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന നാടൻ പാട്ട് പരിപാടിയ്ക്കിടെയുണ്ടായ സംഘർഷത്തിനിടയിലാണ് പ്രതികൾ എസ് ഐ ബിജുക്കുട്ടനെ തലയ്ക്കടിച്ചത്. പരിക്കേറ്റ എസ് ഐ പരുമലയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു.
തിങ്കളാഴ്ച രാത്രി പത്ത് മണിയ്ക്കാണ് യുവാക്കളുടെ അറസ്റ്റിലേയ്ക്ക് നയിച്ച സംഭവമുണ്ടായത്. ക്ഷേത്ര പരിസരത്ത് പരിപാടി നടക്കുന്നതിനിടയിൽ ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു. സംഘർഷത്തിൽ ഇടപെടാനെത്തിയ ഇൻസ്പെക്ടർ ജോസ് മാത്യുവിന്റെ യൂണിഫോം പ്രതികളിൽ ഒരാൾ ബലമായി വലിച്ച്കീറുകയായിരുന്നു. തുടർന്ന് സ്ഥിഗതികൾ നിയന്ത്രിക്കാനുള്ള ശ്രമത്തിനിടയിൽ എസ് ഐ ബിജുക്കുട്ടന് പിന്നിൽ നിന്ന് തലയിൽ വടികൊണ്ടുള്ള അടിയേൽക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം പ്രതികളെ അറസ്റ്റ് ചെയ്തതിന് ശേഷം പൊലീസ് സ്റ്റേഷനിൽ നാടകീയമായ സംഭവങ്ങൾ അരങ്ങേറി. പ്രതികളെ വിട്ടുകിട്ടാനായി ക്ഷേത്ര ഭരണസമിതി അംഗവും പ്രാദേശിക സിപിഎം നേതാവിന്റെയും നേതൃത്വത്തിലുള്ള സംഘം പൊലീസ് സ്റ്റേഷനിലെത്തി. 25 പേരടങ്ങുന്ന സംഘം കസ്റ്റഡിയിലെടുത്തവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തർക്കത്തിലേർപ്പെട്ടു. ഒടുവിൽ ചെങ്ങന്നൂർ ഡിവൈഎസ്പി എത്തിയതിന് ശേഷമാണ് ഇവർ പിരിഞ്ഞു പോയത്. പൊലീസ് സ്റ്റേഷനിൽ എത്തി ബഹളമുണ്ടാക്കിയതിന് ഇവർക്കെതിരെ കേസെടുത്തു.