ഡോ.വന്ദന കൊലക്കേസ്; പ്രതി സന്ദീപിനെ റിമാൻഡ് ചെയ്തു; പ്രതിഷേധത്തിൻ്റെ ഭാഗമായി വ്യാഴാഴ്ചയും ഡോക്ടർമാർ സമരം തുടരും 

കൊല്ലം: കൊട്ടാരക്കര സര്‍ക്കാര്‍ ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍ ഡോ. വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ജി സന്ദീപിനെ കൊട്ടരാക്കര മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. ബുധനാഴ്ച വൈകീട്ടാണ് ഇദ്ദേഹത്തെ പൊലീസ് സംഘം കോടതിയില്‍ ഹാജരാക്കിയത്. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഡോക്ടര്‍മാരുടെ പണിമുടക്ക് വ്യാഴാഴ്ചയും തുടരുമെന്ന് ഐഎംഎ അറിയിച്ചു. പ്രശ്നത്തില്‍ മുഖ്യമന്ത്രി ഇടപെടല്‍ സംഘടന ആവശ്യപ്പെട്ടു. 

Advertisements

ഡോക്ടര്‍മാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കുന്ന ചട്ടം ഓര്‍ഡിനന്‍സായി ഉടന്‍ ഇറക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. പൊലീസിന്റെ സാന്നിധ്യത്തില്‍ ഇത്തരമൊരു കൊലപാതകം നടന്നത് അതീവ ഗൗരവതരമെന്ന് കേരള ഗവ മെഡിക്കല്‍ ഓഫീസേര്‍സ് അസോസിയേഷനും വിമര്‍ശിച്ചു. അത്യാഹിത വിഭാഗം ഒഴിവാക്കിക്കൊണ്ട് ഇന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. പൊലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച അധ്യാപകന്‍ കൂടിയായ ജി സന്ദീപ് ഹൗസ് സര്‍ജനായ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കോട്ടയം മുട്ടുചിറ സ്വദേശിയായിരുന്നു കൊല്ലപ്പെട്ട ഡോ വന്ദന ദാസ്. നെടുമ്ബന യുപി സ്കൂള്‍ അധ്യാപകനാണ് കൊലയാളി കുവട്ടൂര്‍ സ്വദേശി സന്ദീപ്. ഇയാള്‍ ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു. കോട്ടയം മുട്ടുചിറയില്‍ വ്യാപാരിയായ കെ ജി മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളാണ് കൊല്ലപ്പെട്ട വന്ദന. 

സംസ്ഥാനത്തെ നടുക്കിയ കൊലപാതകത്തെ തുടര്‍ന്ന് എല്ലാ ജില്ലകളിലും ഡോക്ടര്‍മാര്‍ പണിമുടക്കി. സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി ആരോപണമുയര്‍ന്നു. ഒരു പ്രകോപനവും ഇല്ലാതെയാണ് സന്ദീപ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ആക്രമണം തുടങ്ങിയപ്പോള്‍ പൊലീസ് അടക്കം എല്ലാവരും ഓടി രക്ഷപ്പെട്ടപ്പോള്‍ അക്രമിക്കു മുന്നില്‍ ഡോക്ടര്‍ വന്ദന ദാസ് മാത്രമായി. നിസ്സഹായയായ പെണ്‍കുട്ടിയെ അക്രമി തുരുതുരാ കുത്തിയതായി ദൃക്‌സാക്ഷികള്‍ പറയുന്നു.

ദൃക്സാക്ഷിയുടെയും എഡിജിപിയുടെയും എല്ലാം ഈ വിവരണം ഉള്ളപ്പോഴാണ് അതിനെല്ലാം വിരുദ്ധമായി എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്. പൊലീസുകാര്‍ക്ക് കുത്തേറ്റത് വന്ദനയെ ആക്രമിക്കുന്നത് തടഞ്ഞപ്പോഴെന്ന് എഫ്.ഐ.ആറില്‍ പറയുന്നുണ്ട്. എഡിജിപിയുടെ വിശദീകരണം പോലും തള്ളി എങ്ങനെ ആണ ഈ എഫ്‌ഐആര്‍ തയ്യാറാക്കിയെന്ന ചോദ്യം ബാക്കിയാണ്. സംഭവത്തില്‍ പൊലീസിന് വീഴ്ച ഇല്ലെന്ന വാദമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉയര്‍ത്തുന്നത്. പ്രതിയായല്ല സന്ദീപിനെ ആശുപത്രിയില്‍ കൊണ്ട് പോയത് എന്ന് എ ഡി ജി പി അജിത് കുമാര്‍ പറഞ്ഞു. നാട്ടുകാര്‍ മര്‍ദിച്ചു എന്ന സന്ദീപിന്റെ പരാതി പരിശോധിക്കാനാണ് പൊലീസ് സ്ഥലത്ത് എത്തിയത് എന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles